മനാമ: രാജ്യത്തെ കാൻസർ രോഗികൾക്കായി പുതിയ മികച്ച ചികിത്സ രീതിയുമായി ബഹ്‌റൈൻ. മികച്ച കാൻസർ ചികിത്സയ്ക്കായി ജിസിസി രാജ്യങ്ങളിലെ ആദ്യ രാജ്യവും, തുർക്കിക്ക് ശേഷം അറബ് ലോകത്തെ രണ്ടാമത്തെ രാജ്യവുമായി മാറിയിരിക്കുകയാണ് ബഹ്‌റൈൻ. രാജ്യത്തെ ആരോഗ്യ മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 2 ദശലക്ഷം ദിനാറിൻറെ കാൻസർ ചികിത്സായന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
യന്ത്രങ്ങളുടെ ഉദ്‌ഘാടനം കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് നടന്നു. മാഗ്നെറ്റിക്ക് റിസോനൻസ് ലീനിയർ ആക്സിലേറ്റർ വഴി രോഗികൾക്ക് വ്യക്‌തിഗത റേഡിയേഷൻ തെറാപ്പിയാണ് നൽകുന്നത്. രണ്ട് തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാൻസർ ചികിത്സ നടത്തുന്നത്. എം ആർ ഐ സ്കാനറും, ലീനിയർ ആക്സിലറേറ്ററും വഴി രോഗികളിൽ കാണപ്പെടുന്ന ട്യൂമറിന്റെ സ്ഥാനനിർണയം നടത്തുകയും ട്യൂമറിന്റെ ആധിക്യം അനുസരിച്ച് എക്സ്റേ ബീമുകൾ ക്രമീകരിച്ചുമാണ് പുതിയ ചികിത്സ രീതി നടപ്പിലാക്കുന്നത്.