മനാമ: ദേശീയ എസ്.എം.ഇ വികസന ബോർഡിന്റെ മുൻനിര സംരംഭമായ ‘എക്സ്പോർട്ട് ബഹ്റൈൻ’ കയറ്റുമതിയിൽ നിർണായക നാഴികക്കല്ല് പിന്നിട്ടു. പ്രവർത്തനം ആരംഭിച്ചതുമുതൽ 2021 ജൂൺവരെ ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ 100 ദശലക്ഷം യു.എസ് ഡോളറിന്റെ കയറ്റുമതിക്കാണ് ബോർഡ് സൗകര്യമൊരുക്കിയത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ 2018 നവംബറിൽ ആരംഭിച്ച ഔദ്യോഗിക സംവിധാനമാണ് എക്സ്പോർട്ട് ബഹ്റൈൻ.
10 മേഖലകളിൽനിന്നുള്ള 51 വ്യത്യസ്ത ഉത്പന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യാൻ ബഹ്റൈൻ ആസ്ഥാനമായ എസ്.എം.ഇകളെ ഈ പ്ലാറ്റ്ഫോം സഹായിച്ചു. ജി.സി.സി, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്ട്രേലിയ, യു.കെ, അമേരിക്ക എന്നിവിടങ്ങളിലെ 55 വിപണികളിൽ ബഹ്റൈനിൽ നിർമ്മിച്ച ഉത്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ സാധിച്ചു.
കോവിഡ് പ്രതിസന്ധിക്കിടയിലും കയറ്റുമതി വർദ്ധി പ്പിക്കാൻ കഴിഞ്ഞത് നേട്ടമാണ്. 2021ന്റെ ആദ്യ പകുതിയിലെ കയറ്റുമതി 2020ലെ മൊത്തം കയറ്റുമതിമൂല്യം മറികടന്നു. പ്രാദേശിക ബിസിനസുകാരുടെ അവബോധവും ചിന്താഗതിയിലുണ്ടായ മാറ്റവുമാണ് ഇതിന് കാരണം. പുതിയ കയറ്റുമതിക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായി. ആഗോളതലത്തിൽ പുതിയ വിപണികളിൽ 34 ശതമാനം വർദ്ധനവുമുണ്ടായിട്ടുണ്ട്.
തന്ത്രപരമായ സ്ഥാനവും യാത്രാസൗകര്യവും കാരണം ബഹ്റൈൻ ചരിത്രപരമായി പ്രധാന വ്യാപാരകേന്ദ്രമാണ്. രണ്ട് വർഷമായി, സാമ്പത്തികവളർച്ചയും വികസനവും ഉത്തേജിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ എക്സ്പോർട്ട് ബഹ്റൈൻ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയും എസ്.എം.ഇ വികസന ബോർഡ് ചെയർമാനുമായ സായിദ് ആർ. അൽ സയാനി പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെയുള്ള കയറ്റുമതിയിൽ 100 ദശലക്ഷം യു.എസ് ഡോളർ എന്ന നേട്ടം കൈവരിച്ചത് രാജ്യത്തിന്റെ അന്താരാഷ്ട്രവത്കരണ ശ്രമങ്ങളിൽ ഒരു പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിൽ നിർമിച്ച ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിജയകരമായി മത്സരിക്കാനാകുമെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് എക്സ്പോർട്ട് ബഹ്റൈൻ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സഫ അബ്ദുൽഖാലിക് പറഞ്ഞു.