bahrainvartha-official-logo
Search
Close this search box.

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ എക്സലൻസ് പുരസ്‌കാരം-2021 പി.വി രാധാകൃഷ്ണ പിള്ളയ്ക്ക്

pvr

മനാമ: വേൾഡ് മലയാളീ കൗൺസിൽ 2021ലെ ഗ്ലോബൽ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രവാസി ഭാരതീയർക്കും സർവ്വോപരി പ്രവാസി മലയാളികൾക്കും വേണ്ടി ചെയ്ത നിസ്തുല പ്രവർത്തനങ്ങൾ പരിഗണിച്ചു ബഹ്‌റൈൻ കേരളീയ സമാജം പ്രിസിഡണ്ടും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ പി. വി. രാധാകൃഷ്ണ പിള്ളയ്ക്കാണ് അവാർഡ് സമ്മാനിക്കുന്നതെന്നു വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ. പി. എ. ഇബ്രാഹിം ഹാജി (ദുബായ്), പ്രസിഡണ്ട് ഗോപാല പിള്ള (USA), വൈസ് പ്രസിഡണ്ട് ജോൺ മത്തായി, മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് രാധാകൃഷ്ണൻ തെരുവത്ത് (ബഹ്‌റൈൻ) ജനറൽ സെക്രട്ടറി ദീപു ജോൺ, (ഒമാൻ), ജോളി തടത്തിൽ (ജർമനി), അബ്ദുള്ള മഞ്ചേരി (സൗദി അറേബ്യാ) തുടങ്ങിയവർ അടങ്ങിയ അവാർഡ് നിർണ്ണയ സമിതിയാണ് അവാർഡിനായി ശ്രി .പി .വി .രാധാകൃഷ്ണ പിള്ളയെ തെരഞ്ഞെടുത്തത്.

കോവിഡ്-19 മഹാമാരിയിൽ അവശത അനുഭവിക്കുന്ന ബഹ്റൈനിലെ സഹജീവികൾക്ക് ദേശ-ഭാഷാ വ്യതാസമില്ലാതെ ഉറച്ച പിന്തുണയുമായി ബഹ്‌റൈൻ കേരളീയ സമാജം നടത്തിയ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമായിരുന്നു. സാമാജത്തിന്റെ പ്രസ്തുത പ്രവർത്തനങ്ങൾക്കെല്ലാം അമരക്കാരനായി നിന്ന് ലോകത്തിനു തന്നെ മാതൃകയായി മാറിയ സേവനങ്ങളെ മുൻ നിർത്തിയാണ് ഗോൾഡൻ ഗ്ലോബൽ എക്സലൻസ് അവാർഡ് ശ്രീ .രാധാകൃഷ്ണ പിള്ളക്ക് നൽകുന്നതെന്ന് വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം ഹാജി പറഞ്ഞു .

കോവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതെ ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവയ്ക്കായി സഹായം തേടിയ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനായി 25 ലധികം സന്നദ്ധ പ്രവർത്തകരുമായി 24×7 കോൾ സെന്റർ സജ്ജമാക്കികൊണ്ടായിരുന്നു സമാജത്തിന്റെ ജനപിന്തുണ നേടിയ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അഭ്യുദയകാംക്ഷികൾ‌, ക്യാപിറ്റൽ‌ ഗവർ‌ണറേറ്റ്, ഐ‌. സി‌. ആർ‌. എഫ്. എന്നിവയിൽ‌ നിന്നും വലിയ ഒരു ശേഖരം അവശ്യ ഭക്ഷ്യവസ്തുക്കൾ‌ സമാഹരിച്ചുകൊണ്ടു ബഹറിൻ കേരളീയ സമാജം സന്നദ്ധ പ്രവർത്തകർ ഫുഡ് കിറ്റുകൾ അർഹതപ്പെട്ട വീടുകളിലേക്കും ലേബർ ക്യാമ്പുകളിലേക്കും മറ്റും ചിട്ടയായി എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു അടുത്ത ചുവട്. കോവിടിന്റെ രണ്ടാം ഘട്ടത്തിലും നോർ‌ക്ക, ഐ‌. സി‌. ആർ‌. എഫ്, മറ്റ് രജിസ്റ്റർ‌ ചെയ്‌തതും അല്ലാത്തതുമായ സംഘടനകളെ ഒരുമിപ്പിച്ച് 5000 ത്തിലധികം ഭക്ഷണ കിറ്റുകളാണ് സമാജം വിതരണം ചെയ്തത്. ബഹറിനിലെ പ്രമുഖ ഡോക്ടർമാരുടെ ഒരു പാനൽ സജ്ജമാക്കികൊണ്ടു കോൾ സെന്റർ ആരംഭിക്കുകയും നിരവധി ആളുകൾക്ക് ആവശ്യമായ മരുന്നുകൾ ഉപദേശിക്കുകയും അവ എത്തിച്ചു നൽകുകയും ചെയ്തു. ബഹറിനിൽ ലഭ്യമല്ലാത്ത മരുന്നുകൾ കേരളത്തിൽ നിന്ന് എത്തിക്കാൻ DHL മായി സഹകരിച്ചുകൊണ്ടു വിപുലമായ ഒരുക്കങ്ങളാണ് സമാജം ചെയ്തത്. അനവധി ഇന്ത്യക്കാരാണ് ഈ സഹായം ഉപയോഗപ്പെടുത്തിയത്. കൊറോണ വൈറസ് മൂലം ബഹറിനിൽ മരണമടഞ്ഞ മലയായാളികളുടെ കുടുംബങ്ങൾക്കുള്ള സഹായ ധനം പ്രഖ്യാപിച്ചത് കാര്യുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു മുഖമായിരുന്നു.

ഇന്ത്യൻ എംബസി, ബഹറിൻ വിദേശകാര്യ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയുടെ സഹായത്തോടെ കോവിഡ്-19 മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ 29 ചാർട്ടേഡ് വിമാനങ്ങലാണ് ബഹ്‌റൈൻ കേരളീയ സമാജം ഇക്കാലയളവിൽ ഒരുക്കിയത്. ശ്രീ. പി.വി. രാധാകൃഷ്ണ പിള്ളയുടെ അശ്രാന്ത പരിശ്രമത്തിൻറെ ഫലമായാണ് മറ്റു പല സംഘടനകൾക്ക് അപ്രാപ്യമായിരുന്ന ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ജോലി നഷ്ടവും സാമ്പത്തിക ക്ലേശവും മൂലം വലഞ്ഞ 300 ൽ അധികം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാനും സമാജത്തിനു കഴിഞ്ഞു എന്നത് വിസ്മരിക്കാനാവാത്ത ജീവകാരുണ്യ പ്രവർത്തനമാണ്. തൊഴിൽ വിസ കാലാവധി തീരുന്ന ഇന്ത്യൻ പ്രവാസികളെയും ബഹ്‌റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നുമുള്ള അഭ്യർത്ഥനയെ മാനിച്ച്, ഇന്ത്യയിൽ നിന്ന് ബഹറിനിലേക്ക് 11 വിമാനങ്ങലാണ് ബഹറിൻ കേരളീയ സമാജാത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയത്.

ഏറ്റവും ഒടുവിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമം ഇന്ത്യയിൽ രൂക്ഷമായപ്പോൾ, ഇന്ത്യൻ എംബസ്സിയുടെ സഹായാഭ്യര്ഥന പരിഗണിച്ചു ചുരുങ്ങിയ സമയം കൊണ്ട് 280 സിലിണ്ടറുകൾക്കുള്ള തുകയാണ് സമാജം ഇന്ത്യൻ എംബസിക്കു കൈമാറിയത്. കേരള സർക്കാരിന്റെ സഹായാഭ്യര്ഥന മാനിച്ചു കേരളത്തിലേക്ക് 137 ഓക്സിജൻ നിറച്ച സിലിണ്ടറുകൾ അയച്ചു കൊടുക്കാനും ഞൊടിയിടയിൽ സമാജത്തിനു സാധിച്ചു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പ്രത്യേക പരാമർശവും ഈ സത്പ്രവർത്തിക്കു ലഭിക്കുകയുണ്ടായി.

കേരളത്തിന് പുറത്തുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനായായ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റായ ശ്രീ. പി. വി. രാധാകൃഷ്‌ണപിള്ള ഭാരത സർക്കാരിന്റെ പരമോന്നത പ്രവാസി പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമാണ്. ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിലെ ഏതൊരു പ്രവാസി മലയാളി സംഘടനക്കും സ്വപ്നം കാണാൻ കഴിയാൻ സാധിക്കാത്ത സൗകര്യങ്ങളോടു കൂടിയ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആസ്ഥാനത്തിന്റെ നിർമ്മിതിയിലും ധനസമാഹരണത്തിലും ശ്രീ. പി. വി. രാധാകൃഷ്ണപിള്ളയുടെ കയ്യൊപ്പുണ്ട്. 29 വർഷമായി കുടുംബസമേതം ബഹ്‌റൈനിൽ താമസിക്കുന്ന ശ്രീ. പി. വി. രാധാകൃഷ്ണപിള്ള ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ സീനിയർ എൻജിനിയർ ആണ്. മാവേലിക്കര സ്വദേശിയായ ശ്രീ. പി. വി. രാധാകൃഷ്ണപിള്ളയുടെ എല്ലാ സാമൂഹികപരോപകാര പ്രവർത്തനങ്ങൾക്കും പത്നി, ശ്രീമതി ലത മക്കളായ രാധിക കൃഷ്ണൻ രഞ്ജിനി കൃഷ്ണൻ ജാമാതാവ് നിതിൻ രാജ് എന്നിവർ ഉറച്ച പിന്തുണയാണ് നൽകുന്നത്.

ജൂലായ് 8, വ്യാഴാഴ്‌ച ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടന്ന ഹ്രസ്വമായ ചടങ്ങിൽ വച്ച് പ്രവാസി ഭാരതീയ സമ്മാൻ പുരസ്ക്കാര ജേതാവ് ശ്രീ. കെ. ജി. ബാബുരാജാണ് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ എക്സലൻസ് അവാർഡ് ശ്രി. പി. വി. രാധാകൃഷ്ണപിള്ളക്ക് സമ്മാനിച്ചത്. WMC മിഡിൽ ഈസ്റ്റ് പ്രസിഡന്റ് രാധാകൃഷ്‌ണൻ തെരുവത്ത് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. WMC ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ ബഹറിൻ കേരളീയ സമാജത്തിന് പ്രശസ്തി പത്രവും കൈമാറി. പ്രസ്തുത ചടങ്ങിൽ WMC ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, WMCയുടെ മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ജൂലായ് 9, വെള്ളിയാഴ്ച്ച ബഹറിൻ സമയം വൈകീട്ട് 6 മണിക്ക് സൂം ഫ്ലാറ്റ് ഫോമിലൂടെ നടക്കുന്ന ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികളുടെ വിപുലമായ സ്ഥാനാരോഹണ ചടങ്ങിൽ, ചെയർമാൻ: ബാബു കുഞ്ഞിരാമൻ, വൈസ് ചെയർമാൻ: ഹരീഷ് നായർ, വൈസ് ചെയർപേഴ്‌സൺ: ദീപ ജയചന്ദ്രൻ, പ്രസിഡണ്ട്: ഏബ്രഹാം സാമുവൽ, വൈസ് പ്രസിഡന്റ്‌സ്‌: വിനോദ് ലാൽ എസ്., ആഷ്‌ലി കുര്യൻ, സെക്രട്ടറി: പ്രേംജിത്, അസോ. സെക്രട്ടറി: രാജീവ് വെള്ളിക്കോത്ത്, ട്രഷറർ: ദിലീഷ് കുമാർ, കമ്മിറ്റി അംഗങ്ങങ്ങൾ: ബൈജു അരാദ്, അബ്ദുല്ല ബെള്ളിപ്പാടി, എസ്. സന്തോഷ് കുമാർ, എൽ. അനിൽ കുമാർ, മുൻ ഭരണ സമിതി അംഗം: എബി തോമസ്ച എന്നിവർ സ്ഥാനമേൽക്കും.

പ്രഥമ ഗ്ലോബൽ എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ ശ്രീ. പി. വി. രാധാകൃഷ്ണ പിള്ളയെ ജൂലൈ 9ന് നടക്കുന്ന ചടങ്ങിൽ ആദരിക്കും. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ മുഖ്യ അതിഥിയായിരിക്കും. പരിപാടിയിൽ, ഫാദർ ഡേവിസ് ചിറമൽ മുഖ്യ പ്രഭാഷകനായും, പ്രശസ്ത കവി ശ്രി. വയലാർ ശരത്ചന്ദ്ര വർമ്മ വിശിഷ്ടാഥിതിയായും പങ്കെടുക്കും. വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ. പി. എ. ഇബ്രാഹിം ഹാജി (ദുബായ്), പ്രസിഡണ്ട് ശ്രീ. ഗോപാല പിള്ള (അമേരിക്ക), ജനറൽ സെക്രട്ടറി ശ്രി. ഗ്രിഗറി മേടയിൽ, ട്രഷറർ ശ്രീ. തോമസ് അറമാങ്കുടി (ജർമനി), വൈസ് പ്രസിഡണ്ട് ശ്രി. ജോൺ മത്തായി (ഷാർജ), വൈസ് പ്രസിഡണ്ട് ശ്രീ. പി. സി. മാത്യു (അമേരിക്ക), വൈസ് ചെയർ പേഴ്സൺ ഡോക്ടർ കെ. ജി. വിജയലക്ഷ്മി (ഇന്ത്യ) തുടങ്ങിയവര്‍ പരിപാടിയിൽ ആശംസകള്‍ നേരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!