കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, മുൻ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, നോർക്ക സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവർ പങ്കെടുത്തു.
ഐ ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ലാപ്ടോപ് അല്ലെങ്കിൽ ടാബ് നൽകുന്ന വിപ്ലവകരമായ പദ്ധതിയെക്കുറിച്ച് സംസാരിക്കാനും അതിനു പ്രവാസികളുടെ സഹായം അഭ്യർത്ഥിക്കുന്നതിനുമാണ് മുഖ്യമന്ത്രി പ്രത്യേകയോഗം വിളിച്ചത്. പ്രസ്തുത യോഗത്തിൽ ബഹ്‌റൈനിൽ നിന്നും സംഘടനകളെ പ്രതിനിധീകരിച്ചു ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സംസാരിച്ചു.
കേരളസർക്കാറിന്റെ പ്രസ്തുത പദ്ധതിക്ക് പിന്തുണ നൽകുകയും കഴിയാവുന്ന വിധത്തിൽ ബഹ്‌റൈനിൽ നിന്ന് സാമ്പത്തിക സമാഹരണം നടത്താമെന്നു യോഗത്തിൽ അദ്ദേഹം അറിയിച്ചു.