മനാമ: വികസന പദ്ധതികളിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നതെന്ന് പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലഫ് പറഞ്ഞു. നോർതേൺ ഗവർണറേറ്റിലെ 12ാം മണ്ഡലത്തിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഈ മേഖലയിൽ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികൾ മന്ത്രി അവലോകനം ചെയ്തു.
മൽകിയ തുറമുഖം, കർസക്കാൻ തുറമുഖം, കർസക്കാൻ തീരപദ്ധതി, കർസക്കാൻ തീരത്തേക്ക് പോകുന്ന റോഡ് എന്നിവയാണ് ഇവിടെ നടപ്പാക്കുന്ന പ്രധാന പദ്ധതികൾ. 513 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ മൽകിയ തുറമുഖം ഈ പ്രദേശത്തിെൻറ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് തണൽ മേഖലയും ബോട്ടുകൾക്ക് പുതിയ സ്ലിപ്പ് വേയും പദ്ധതിയിൽ ഉൾപ്പെടുന്നു. 34 കാറുകൾക്കുള്ള പാർക്കിങ് ഏരിയയും 14 ബോട്ടുകൾ നിർത്തിയിടാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, മത്സ്യ മാർക്കറ്റ്, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
531 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കർസക്കാൻ തുറമുഖ പദ്ധതി നിർമിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ഷേഡിങ് ഏരിയയും ബോട്ടുകൾക്ക് പുതിയ സ്ലിപ്പ് വേയും പദ്ധതിയിൽ ഉൾപ്പെടുന്നു. 50 കാറുകൾക്കുള്ള പാർക്കിങ് ഏരിയ, 12 ബോട്ടുകൾ നിർത്തിയിടാനുള്ള സൗകര്യം, അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, മത്സ്യ മാർക്കറ്റ് എന്നിവയും ഇവിടെ ഉണ്ടാകും.
ആധുനിക മറൈൻ സാേങ്കതികവിദ്യയും മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങളും പരിഗണിച്ചാണ് നിർമാണപ്രവർത്തനങ്ങൾ എന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് തടസ്സമാകുന്ന എല്ലാ കാര്യങ്ങളും നീക്കുന്നതിനുള്ള ശ്രമം നടത്തും.
മത്സ്യബന്ധന മേഖലയുടെ ഉണർവിനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം ഏപ്രിലിൽ രണ്ട് പദ്ധതികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
9,235 മീറ്റർ വിസ്തീർണമുള്ള കർസക്കാൻ തീരപദ്ധതിയിൽ 250 മീറ്റർ നീളമുള്ള പ്രധാന നടപ്പാത, വിനോദ കേന്ദ്രം, നീന്തലിനുള്ള സൗകര്യം എന്നിവയും ഒരുക്കും. പൗരന്മാർക്കും പ്രവാസികൾക്കുമായി സമുദ്രതീരങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
കർസക്കാൻ തീരത്തേക്ക് റോഡ് നിർമിക്കുന്ന പദ്ധതിയും അവലോകനം ചെയ്തു. 458 മീറ്റർ നീളത്തിൽ നിർമിക്കുന്ന റോഡിെൻറ വശങ്ങളിൽ കാറുകൾ പാർക്ക് ചെയ്യാനും കഴിയും. പദ്ധതിയുടെ ഡിസൈൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും ടെൻഡറിനുള്ള രേഖകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.