മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി, ഗൾഫ് എയർ ഡയറക്ടർ ബോർഡ് ചെയർമാൻ സായിദ് ആർ. അൽസയാനിയുമായി ഗുഡൈബിയ പാലസ്സിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ സമഗ്രവികസനത്തെ പിന്തുണയ്ക്കുന്നതിൽ ലോജിസ്റ്റിക് മേഖലയുടെ പ്രാധാന്യം യോഗത്തിൽ റോയൽ ഹൈനസ് ഊന്നിപ്പറഞ്ഞു. 70 വർഷത്തെ ചരിത്രത്തിൽ രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ കൈവരിച്ച നേട്ടങ്ങളെയും പ്രാദേശികമായും അന്തർദ്ദേശീയമായും രാജ്യത്തിന്റെ ഗതാഗത, വ്യോമ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലുള്ള പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. എയർലൈൻ സ്ഥാപിതമായതിനുശേഷമുള്ള 70-ാം വാർഷിക ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയർ വിമാനത്തിന്റെ ഒരു മോഡൽ കിരീടാവകാശിക്ക് സമ്മാനിച്ചു.
എയർലൈനിന്റെ പ്രകടനവും സേവനങ്ങളുടെ ഗുണനിലവാരവും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ചെയർമാന്റെയും ബോർഡ് ഡയറക്ടർമാരുടെയും നിരന്തരമായ ശ്രമങ്ങളെ അദ്ദേഹത്തിന്റെ റോയൽ ഹൈനെസ് അഭിനന്ദിച്ചു.