മനാമ: രാജ്യത്ത് വാക്‌സിൻ സ്വീകരിക്കാത്ത 50 വയസ്സിന് മുകളിലുള്ളവർക്കായി പുതിയ പദ്ധതി തയ്യാറാക്കി ബഹ്റൈൻ. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ ഈ പ്രായപരിധിയിലുള്ളവർക്ക് വാക്‌സിനേഷൻ സ്വീകരിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരോഗ്യവകുപ്പ് രണ്ട് ഹാളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
രണ്ട് ഡോസ് സിനോഫോം വാക്സിനേഷൻ സ്വീകരിച്ചതിനു ശേഷം ബൂസ്റ്റർ ഡോസിന് അർഹരായവർക്കും ഈ പദ്ധതി ഉപയോഗിക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ഇന്റർനാഷണൽ എക്സിബിഷൻ കേന്ദ്രത്തിൽ റൂം നമ്പർ മൂന്നിലും റൂം നമ്പർ നാലിലും രാവിലെ എട്ടു മണി മുതൽ 6 മണി വരെ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 13 മുതൽ വാക്സിനേഷൻ സൗകര്യം ലഭ്യമാകും.