മനാമ: ദേശീയ ലേബർ മാർക്കറ്റ് പ്ലാൻ 2021-2023ന് അംഗീകാരം നൽകാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ തൊഴിൽ സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമിൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പ്രശംസിച്ചു.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ സുസ്ഥിരത, മത്സരാത്മകത, നീതി എന്നീ അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി തൊഴിൽ വിപണി വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ദീർഘദർശനങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിൽ വിപണിയിൽ സ്വകാര്യമേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികളും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മുൻ നേട്ടങ്ങളും ദേശീയ മാനവ വിഭവശേഷിയുടെ കഴിവുകൾ വികസിപ്പിക്കുന്ന മാർഗങ്ങളും പദ്ധതി കണക്കിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഹാമാരിയുടെ സമയത്ത് ബഹ്റൈനിൽ തൊഴിൽ വിപണിയിലെ സ്ഥിരത നിലനിർത്താൻ സ്വീകരിച്ച നിരവധി നടപടികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
പകർച്ചവ്യാധിയുടെ സമയത്ത് നേരിട്ട വെല്ലുവിളികളെ ഉത്തരവാദിത്തത്തോടെ നേരിടാൻ രാജ്യത്തെ ബിസിനസ് മേഖലയുടെ പിന്തുണയും സഹകരണവും സഹായിച്ചതായും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് തൊഴിൽ മുൻഗണന എന്ന തത്വം കൈവരിക്കാനും വിദേശ തൊഴിലാളികളെ ആകർഷിക്കാനുമുള്ള പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യത്തിൽ നേരിട്ട സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ ശമ്പളം നൽകിക്കൊണ്ട് വിപണിയിൽ തൊഴിലിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി സർക്കാർ ആരംഭിച്ച സംരംഭങ്ങൾ പ്രയോജനപ്പെടുത്താനും ഈ പദ്ധതി സഹായിക്കും.