മാനവിക സന്ദേശം പകർന്ന ന്യൂസിലാന്റ് പ്രധാനമന്ത്രിക്ക് ആദരവർപ്പിച്ച് ബുർജ് ഖലീഫ, ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദുബായ് ഭരണാധികാരിയുടെ പോസ്റ്റ് വൈറലാകുന്നു

ദുബായ്: സഹിഷ്ണുതാ വര്ഷാചരണത്തെ അന്വർത്ഥമാക്കും വിധം സ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശം പകർത്തുന്ന ദുബായ് ഭരണാധികാരിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടും കുടുംബത്തോടും ലോകത്താകമാനമുള്ള മുസ്ലിം ജന വിഭാഗത്തോടും ചേർന്ന് നിന്ന് പിന്തുണയും സഹായാനുഭൂതിയും അർപ്പിച്ച ന്യൂസിലന്റിനും പ്രധാനമന്ത്രിക്കും എല്ലാവിധ കടപ്പാടും ആദരവും അർപ്പിക്കുന്നു എന്നായിരുന്നു യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ചെത്തി പുണർന്ന് ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി ജസീന്ത ആർഡന് ആദരവർപ്പിച്ചു ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച ചിത്രവും പങ്കു വെച്ചിട്ടുണ്ട്. ഹിജാബ് ധരിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. ആ ചിത്രമാണ് പ്രധാനമന്ത്രിയോടും ന്യൂസിലാൻഡിനോടുമുള്ള നന്ദി സൂചകമായി ബുർജ് ഖലീഫയിലും പ്രദർശിപ്പിച്ചത്.

യു എ ഇ ഭരണാധികാരികളുടെ സ്നേഹത്തിനും കരുതലിനും കടപ്പാടറിയിച്ചുകൊണ്ട് നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമ്മെന്റുകളുമായെത്തുന്നത്.