മനാമ: ജൂലൈ 16 വെള്ളിയാഴ്ച മുതൽ ഇളവുകളോടെ ബഹ്‌റൈൻ ഗ്രീൻ ലെവെലിലേക്ക് മാറുന്ന സാഹചര്യത്തിൽ ജനങ്ങൾ ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾ പാലിക്കുന്നത് തുടരണമെന്ന് ഓർമ്മപ്പെടുത്തി ആരോഗ്യ മന്ത്രാലയം. പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും അടച്ചിടുന്ന ഇടങ്ങളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ജൂലൈ 16 മുതൽ ബഹ്‌റൈൻ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചിരുന്നു . നിലവിൽ തുടർന്ന് വരുന്ന യെല്ലോ ലെവൽ പ്രകാരമുള്ള നിയന്ത്രണങ്ങളിൽ നിന്നാണ് ഗ്രീൻ ലെവെലിലേക്ക് മാറുന്നത്. ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്.
അറഫ ദിനവും, പെരുന്നാൾ ദിനവും തുടർന്നുള്ള രണ്ട് ദിവസവും അടക്കം ജൂലൈ 19 തിങ്കൾ മുതൽ 22 വ്യാഴം വരെയുള്ള അവധി ദിവസങ്ങളിൽ രാജ്യം ഓറഞ്ച് അലേർട്ട് ലെവളിലേക്ക് മാറും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചാണ് ഈ തീരുമാനം. ഈദുൽ അദ്ഹ അവധി ദിവസങ്ങൾക്ക് ശേഷം പുതിയ അലർട്ട് ലെവൽ പ്രഖ്യാപിക്കുന്നതിൻറെ ഭാഗമായി ശരാശരി പോസിറ്റിവിറ്റി നിരക്ക് ജൂലൈ 23ന് വീണ്ടും അവലോകനം ചെയ്യും. തുടർച്ചയായി 14 ദിവസം ശരാശരി ടി.പി.ആർ രണ്ട് ശതമാനത്തിൽ താഴെയാണെങ്കിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നത്.