മനാമ: ബഹ്റൈനിൽ നിന്നുള്ള തദ്ദേശ ഉത്പന്ന കയറ്റുമതിയിൽ 75 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം രണ്ടാംപാദത്തിൽ 943 ദശലക്ഷം ദിനാറിന്റെ കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞവർഷം ഇതേ പാദത്തിൽ ഇത് 540 മില്യൺ ദിനാറായിരുന്നു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റിയാണ് രണ്ടാം പാദത്തിലെ വിദേശവ്യാപാര റിപ്പോർട്ട് പുറത്തുവിട്ടത്.
ബഹ്റൈനിൽനിന്ന് ഏറ്റവും കൂടുതൽ തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങിയത് സൗദി അറേബ്യയാണ്. യു.എ.ഇ രണ്ടാം സ്ഥാനത്തും അമേരിക്ക മൂന്നാമതുമാണ്. ഇതേ കാലയളവിൽ രാജ്യത്തുനിന്നുള്ള പുനർ കയറ്റുമതി 15 ശതമാനം വർദ്ധിച്ച് 164 ദശലക്ഷം ദിനാറിൽ എത്തി. കഴിഞ്ഞവർഷം ഇതേ പാദത്തിൽ ഇത് 143 ദശലക്ഷം ദിനാറായിരുന്നു.
രാജ്യത്തേക്കുള്ള ഇറക്കുമതി ഏഴ് ശതമാനം വർദ്ധിച്ച് 1.249 ബില്യൺ ദിനാറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.168 ബില്യൺ ദിനാറായിരുന്നു. ആദ്യ 10 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ആകെ ഇറക്കുമതിയുടെ 69 ശതമാനമാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് 31 ശതമാനം ഇറക്കുമതിയാണ് ഇക്കാലയളവിൽ നടന്നത്.
ബഹ്റൈനിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ്. 181 ദശലക്ഷം ദിനാറിന്റെ ഇറക്കുമതിയാണ് ബ്രസീലിൽനിന്ന് നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽനിന്ന് 159 ദശലക്ഷം ദിനാറിന്റെയും മൂന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ നിന്ന് 85 ദശലക്ഷം ദിനാറിന്റെയും ഇറക്കുമതി നടന്നു.