മനാമ: കാൻസർ കെയർ ഗ്രൂപ്പിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഡോ: വി.പി. ഗംഗാധരൻ കാൻസർ രോഗികളെ പരിശോധിക്കുകയും, തുടർന്ന് പൊതുസമൂഹത്തിന് വേണ്ടി കാൻസർ രംഗത്തെ ആധുനിക ചികിത്സ, പ്രതിരോധം, തെറ്റിദ്ധാരണകൾ എന്നിവ വിശദീകരിച്ചുകൊണ്ട് ക്ലാസ് എടുക്കുകയും ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങളും, സാമൂഹിക സാംസകാരിക സംഘടനാ നേതാക്കളും, കാൻസർ രോഗികളും അവരുടെ ബന്ധുക്കളും അടങ്ങുന്ന സദസ്സിൽ നിന്നും ഉന്നയിച്ച മുഴുവൻ ചോദ്യങ്ങൾക്കും ഡോ: ഗംഗാധരൻ മറുപടി നൽകി.
അറുപതോളം രോഗികൾക്ക് മെഡിക്കൽ ചെക്ക്അപ്പ് സൗകര്യവും മുന്നൂറ്റിഅൻമ്പതോളം ആളുകൾക്ക് ബോധവൽക്കരണ ക്ലാസ്സിൻറെ പ്രയോജനവും ലഭിച്ചു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ:പി.വി. ചെറിയാൻ സെമിനാറിൽ മോഡറേറ്റർ ആയിരുന്നു. വേറിട്ട ജീവകാരുണ്യ പ്രവർത്തനവും, ഏറ്റവും അർഹിക്കുന്ന രോഗികൾക്കുള്ള സഹായവും നൽകുന്ന കാൻസർ കെയർ ഗ്രൂപ്പ് പ്രവർത്തനങ്ങളെ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള എടുത്തു പറയുകയും, സമാജത്തിന്റെ പിന്തുണ ഗ്രൂപ്പിന്റെ സ്ഥാപക ദിനം മുതൽ ഇതുവരെ നൽകിവരുന്നത് തുടരുമെന്നും അറിയിച്ചു.
ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി. സലിം സ്വാഗതം പറഞ്ഞു. ട്രെഷറർ സുധീർ തിരുനിലത്ത്, ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജ് ജോർജ് കെ. മാത്യു, രെജിസ്ട്രേഷൻ ഇൻചാർജ് അബ്ദുൽ സഹീർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീർ.എം.കെ, കോശി സാമുവൽ, സുരേഷ് കെ. നായർ, ഉമ്മർ അബ്ദുള്ള എന്നിവരും ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകി. രോഗികളെ പരിശോധിക്കുന്നതിന് കാൻസർ കെയർ ഗ്രൂപ്പ് അഡ്വൈസറി ബോർഡ് അംഗം ഡോ: നിഷ പിള്ള, വനിതാ വിഭാഗം കോർഡിനേറ്റർ ഷേർലി തോമസ്, ഷൈനി വർഗീസ്, സോഫി ജോസഫ് എന്നിവർ സഹായങ്ങൾ നൽകി.