മനാമ: കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈനിന്റെ ശ്രമങ്ങളെ പ്രശംസിച്ച് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കർ ഫൗസിയ ബിന്ത് അബ്ദുല്ല സൈനാൽ. ടീം ബഹ്‌റൈന്റെ പ്രവർത്തനങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന അചഞ്ചലമായ പിന്തുണയെയും സ്പീക്കർ പ്രശംസിച്ചു.
കൊറോണ വൈറസ്സിനെ നേരിടുന്നതിൽ ടീം ബഹ്‌റൈൻ നടത്തിയ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റിയതായും സ്പീക്കർ പറഞ്ഞു. രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കണ്ടതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ഈ വിജയത്തിനായി പ്രവർത്തിച്ച മുൻനിര നായകന്മാർക്കും ടീം ബഹ്‌റൈൻ അംഗങ്ങൾക്കും ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന് ഉദ്യോഗസ്ഥർക്കും സ്പീക്കർ അഭിനന്ദനങ്ങൾ അറിയിച്ചു.
രാജ്യത്തെ ജനങ്ങൾക്ക് സ്പീക്കർ ഈദുൽ-അദ്‌ഹ ആശംസകൾ നേർന്നു. കൊറോണ വൈറസ്സിനെ നേരിടാൻ വാക്‌സിനും ബൂസ്റ്റർ ഡോസും സ്വീകരിക്കുന്നതിലൂടെ ദേശീയ തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജനങ്ങളുടെ ഉത്തരവാദിത്തത്തെയും സ്പീക്കർ പ്രശംസിച്ചു.
ജൂലൈ 22 വരെയാണ് ബഹ്‌റൈനിൽ ഈദ് അവധി ദിനങ്ങൾ. കോവിഡ് കേസുകൾ ഉയരാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ഓറഞ്ച് അലെർട്ടിലൂടെയാണ് രാജ്യത്തെ ആഘോഷ ദിനങ്ങൾ കടന്നു പോകുന്നത്. ആഘോഷ ദിനങ്ങളിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടാസ്‌ക്‌ഫോഴ്‌സ് നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്.