ലോകാരോഗ്യ സംഘടനാ തലവൻ ബഹ്റൈനിലെത്തി; മേഖലാ ഓഫീസ് ഉദ്‌ഘാടനം നാളെ

മനാമ: യുഎൻ ഏജൻസിയുടെ പുതിയ പ്രാദേശിക ഓഫീസ് തുറക്കുന്നതിനും പൊതുജനാരോഗ്യ വൈദഗ്ദ്ധ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവി ആഘോഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബഹ്‌റൈനിൽ എത്തി.

ലോകാരോഗ്യ സംഘടന മനാമയ്ക്ക് അടുത്തിടെ ‘ഹെൽത്തി സിറ്റി 2021’ എന്ന പദവി നൽകിയതിനെ തുടർന്നാണ് ഡോ. ഗെബ്രിയേസസിന്റെ സന്ദർശനം. മനുഷ്യന്റെ ക്ഷേമത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചതിനാലാണ് മനാമ ലോകത്തിനു മുന്നിൽ അംഗീകരിക്കപ്പെട്ടത്. ഈ അംഗീകാരം നേടുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റ് രാജ്യ തലസ്ഥാനമാണ് മനാമ. രണ്ട് ദിവസത്തെ സന്ദർശത്തിനായാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ രാജ്യത്ത് എത്തിയിരിക്കുന്നത്. ജൂലൈ 26 നാണ് ലോകാരോഗ്യ സംഘടനയുടെ മനാമയിലെ ഓഫീസ് ഉദ്‌ഘാടനം ചെയ്യുക.

ഉദ്ഘാടനത്തിന് മുന്നോടിയായി ബഹ്‌റൈനിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യസംരക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ദുർബലരെ എല്ലായിടത്തും സേവിക്കുക എന്നതാണ് താങ്കളുടെ ദൗത്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മനാമയിൽ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ബഹ്‌റൈൻ സർക്കാരും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള പ്രവർത്തന ബന്ധം വികസിപ്പിക്കാൻ സാധിക്കും. ഇതിലൂടെ അധികാരികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിടാനും സാധിക്കും. ഡയറക്ടർ ജനറലിനെ ആരോഗ്യമന്ത്രിഫെയ്ക ബിന്ത് സയീദ് അൽ സാലിഹും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയും കൊറോണ വൈറസ്സിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് മേധാവിയുമായ ഡോ. വലീദ് അൽ മാനിയയും സ്വീകരിച്ചു.

ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേർക്കും കുത്തിവയ്പ് നൽകിയ ബഹ്‌റൈന്റെ വാക്സിനേഷൻ ഇൻഫ്രാസ്ട്രക്ചർ, ഡയറക്ടർ ജനറൽ പര്യടനവേളയിൽ പരിശോധിക്കും. ലോകാരോഗ്യ സംഘടനയുടെ ഓഫീസ് തുറക്കുന്നതിനെക്കുറിച്ചും കോവിഡ് പകർച്ചവ്യാധി പരിഹരിക്കാനുമുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിനുമായി ഡോ. ടെഡ്രോസ് ഗെബ്രിയേസസ് നാളെ തിങ്കളാഴ്ച ടാസ്‌ക്‌ഫോഴ്‌സ്‌ വിളിച്ചു ചേർക്കുന്ന പത്ര സമ്മേളനത്തിലും പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.