ബഹ്‌റൈനിലെത്തിയ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി

മനാമ: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഖിർ പാലസ്സിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ലോകാരോഗ്യ സംഘടനയുടെ ഓഫീസ് തുറക്കുന്നതിനായി ബഹ്‌റൈനിൽ എത്തിയതായിരുന്നു ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

മനാമയ്ക്ക് ലോകാരോഗ്യ സംഘടന ‘ഹെൽത്തി സിറ്റി 2021’ എന്ന പദവി നൽകി അംഗീകരിച്ചതിനെ ഹമദ് രാജാവ് അഭിനന്ദിച്ചു. കൊറോണ വൈറസ്സിനെ ചെറുക്കാനും ലോകമെമ്പാടുമുള്ള രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമെതിരെ പോരാടുന്നതിനും അന്താരാഷ്ട്ര നീക്കത്തെ പിന്തുണയ്ക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ബഹ്‌റൈൻ നടത്തുന്ന ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തെയും എല്ലാ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്‌സിൻ നൽകുന്ന തീരുമാനത്തെയും അദ്ദേഹം ഉയർത്തിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈനിന്റെ അചഞ്ചലമായ ശ്രമങ്ങളെയും ഹമദ് രാജാവ് അഭിനന്ദിച്ചു.

ബഹ്‌റൈൻ നൽകിയ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും ഡോ. ​​ഗെബ്രിയേസസ് രാജാവിനോട് അഗാധമായ നന്ദി അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ ശുപാർശകൾക്കനുസൃതമായി മഹാമാരിയെ നേരിടുന്നതിൽ ബഹ്‌റൈൻ നടത്തിയ പ്രവർത്തനത്തെയും മുന്നേറ്റത്തെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന് വഴികാട്ടിയാകുന്ന രാജാവിന്റെ നേതൃത്വ മികവിനെ ഡോ: ഗെബ്രിയേസസ് പ്രശംസിച്ചു.

ലോകാരോഗ്യസംഘടനയുടെ 152ാമത്തെ ഓഫീസ് ഇന്നലെയാണ് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉദ്‌ഘാടനം ചെയ്തത്. ജനസംഖ്യയുടെ 70 ശതമാനം വരുന്ന പത്തുലക്ഷത്തോളം പേർക്ക്​ രണ്ടു​ ഡോസ്​ വാക്​സിനും നൽകാൻ കഴിഞ്ഞത്​ അഭിമാനാർഹമാണെന്നും ​സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യമായി വാക്​സിൻ നൽകിയ ബഹ്റൈന്റെ നടപടി പ്രശംസനീയമാണെന്നും ഡോ: ഗെബ്രിയേസസ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ‘എല്ലാവർക്കും എല്ലാവരാലും ആരോഗ്യം’ എന്ന ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ബഹ്‌റൈന്റെ സമീപനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.