മനാമ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുവൈമി വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. അടുത്ത അധ്യയന വർഷത്തിൽ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം ഊന്നിപ്പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്ഥാപന അധികൃതരെ ഉൾപ്പെടുത്തി ജനറൽ സെക്രട്ടേറിയറ്റ് യോഗം ചേരും.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകുന്ന അക്കാദമിക് പ്രോഗ്രാമുകളോട് കൗൺസിലിന്റെ താത്പര്യം വിദ്യാഭ്യാസ മന്ത്രി സ്ഥിരീകരിച്ചു. ഈ മേഖലയിൽ നിക്ഷേപം നടത്താൻ കൗൺസിലിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നിർദിഷ്ട ചട്ടങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾക്ക് പ്രചാരം നൽകാൻ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.