മനാമ: കാലാവസ്ഥ കാര്യങ്ങൾക്കുള്ള പ്രത്യേക പ്രതിനിധിയും പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ സി.ഇ.ഒയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസിസുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ സന്ദർശനമെന്ന് ഡോ. ബിൻ ദൈന പറഞ്ഞു.
ആരോഗ്യവും പരിസ്ഥിതിയും തമ്മിലുള്ള പൊതുവായ മേഖലകളിൽ ഈ സഹകരണം ശക്തിപ്പെടുത്താനുള്ള കൗൺസിലിന്റെ താത്പര്യം അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് സംബന്ധമായ ആരോഗ്യ മാലിന്യങ്ങൾ ആശുപത്രികളിൽ നിന്നും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിൽ ബഹ്റൈൻ വിജയിച്ചതായും പ്രത്യേക പ്രതിനിധി അഭിപ്രായപ്പെട്ടു.
നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. അപകടകരമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പ്രശംസിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം ടീം ബഹ്റൈൻ നടപ്പാക്കിയ ദേശീയ പദ്ധതിയെ പിന്തുണക്കാൻ സുപ്രീം കൗൺസിൽ നടത്തിയ ശ്രമങ്ങളെ ഡോ. ഗബ്രിയേസിസ് അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ മാത്രമേ മഹാമാരിയെ നേരിടാൻ സാധിക്കുകയുള്ളൂവെന്നും ഇക്കാര്യത്തിൽ ബഹ്റൈൻ വിജയിച്ചതായും അദ്ദേഹം അഭിപ്രായപെട്ടു.