അറബ് ചൈൽഡ് പാർലമെന്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട് ബഹ്റൈനി വിദ്യാർത്ഥി

മനാമ: അറബ് ചൈൽഡ് പാർലമെന്റ് സ്പീക്കറായി ബഹ്‌റൈനി വിദ്യാർത്ഥി റിതാജ് ഇബ്രാഹിം അൽ അബ്ബാസി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന സെഷനിൽ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് 64 കുട്ടികൾ പങ്കെടുത്തിരുന്നു. ഹിദ്ദ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിയായ റിതാജ് 61 അംഗങ്ങളിൽ നിന്നും 31 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സാംസ്കാരികവും ബൗദ്ധികവുമായ തലത്തിലും പൊതു പ്രഭാഷണത്തിലും സംഭാഷണത്തിലും ചർച്ചയിലുമുള്ള റിതാജ് ഇബ്രാഹിംന്റെ കഴിവുകളെ അംഗങ്ങൾ അംഗീകരിച്ചു. സാമൂഹിക സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ കുട്ടിയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട റിതാജ് മോഡറേറ്റർ സ്ഥാനവും അലങ്കരിച്ചു.
സൗദി അറേബ്യ, യു എ ഇ, കുവൈത്ത്, ടുണീഷ്യ, അൽജീരിയ, സുഡാൻ, ഇറാഖ്, ഒമാൻ, പലസ്തീൻ, ലിബിയ, ഈജിപ്ത്, ജോർദാൻ തുടങ്ങി നിരവധി അറബ് രാജ്യങ്ങൾ പ്രാദേശിക പാർലമെന്റിൽ പങ്കെടുക്കുന്നുണ്ട്.