മനാമ: ചെറിയ റോഡപകടങ്ങൾ ലഘൂകരിക്കാനുള്ള ബഹ്റൈനിലെ ട്രാഫിക് അധികാരികളുടെ പുതിയ നീക്കത്തോട് പൗരന്മാരും താമസക്കാരും മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് അധികൃതർ. ജനങ്ങളുടെ ആവേശകരമായ പ്രതികരണത്തെ ഉദ്യോഗസ്‌ഥർ പ്രശംസിച്ചു. ചെറിയ ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഇ-ട്രാഫിക് ആപ്പ് വഴിയുള്ള പുതിയ സേവനങ്ങൾ അടുത്തിടെയാണ് ആരംഭിച്ചത്.
രണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുണ്ടാകുന്ന അപകടങ്ങളുടെ ട്രാഫിക് നടപടിക്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് ഇനി നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കും. ഇരുകക്ഷികളും ധാരണയിൽ എത്തുന്ന ചെറിയ റോഡപകടക്കേസുകൾ ഇൻഷുറൻസ് കമ്പനി മുഖേന പരിഹരിക്കാനും സാധിക്കും.
പുതിയ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ചെറിയ ട്രാഫിക് അപകടങ്ങൾ കക്ഷികൾ മൊബൈൽ ആപ്പ് വഴിയോ ഇൻഷുറൻസ് ഇലക്ട്രോണിക് ഫോം പൂരിപ്പിച്ചോ റിപ്പോർട്ട് ചെയ്യണം. ഐ ജി എ നൽകിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം ഇ – ട്രാഫിക്ക് ആപ്പ് ഉപയോക്താക്കളുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.