മനാമ: നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ്സ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് പുതിയ ഹിജ്റ വർഷത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും രാജ്യത്തെ ജനങ്ങൾക്കും അദേഹം ആശംസകൾ അറിയിച്ചു. വിശ്വസ്തരായ അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ശാസ്ത്രീയവും ജ്യോതിശാസ്ത്രപരവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി 1443 ഹിജ്റ വർഷത്തിലെ ബഹ്‌റൈൻ കലണ്ടർ പുറപ്പെടുവിക്കാനുള്ള ഹമദ് രാജാവിന്റെ നിർദ്ദേശങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്‌റൈൻ കലണ്ടർ തയാറാക്കാൻ സഹായിച്ച മതപണ്ഡിതരെയും ജ്യോതിശാസ്ത്രജ്ഞരെയും സ്പെഷ്യലിസ്റ്റുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഇൻഫർമേഷൻ ആൻഡ് ഇലക്ട്രോണിക് ഗവൺമെന്റ് അതോറിറ്റിയുടെ സഹായത്തോടെ ‘ഇസ്ലാമിയത്ത് ആപ്ലിക്കേഷൻ’ സ്മാർട്ട് ഉപകരണങ്ങളിൽ ലഭ്യമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.