അറബ് ചൈൽഡ് പാർലമെന്റ് സ്പീക്കറെ സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി

മനാമ: അറബ് ചൈൽഡ് പാർലമെന്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബഹ്‌റൈനി വിദ്യാർത്ഥി റിതാജ് ഇബ്രാഹിം അൽ അബ്ബാസിയെ വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ-നുഐമി സ്വീകരിച്ചു. 52% വോട്ടുകൾ നേടി 12 അറബ് രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ മറികടന്നാണ് റിതാജ് വിജയം  കൈവരിച്ചത്. വിദ്യാഭ്യാസ തലത്തിൽ രാജ്യത്തിന്റെ വളർച്ച ഉയർത്തിക്കാട്ടിയ റിതാജിനെ മന്ത്രി പ്രശംസിച്ചു. സാംസ്കാരികവും ബൗദ്ധികവുമായ തലത്തിലും പൊതു പ്രഭാഷണത്തിലും സംഭാഷണത്തിലും ചർച്ചയിലുമുള്ള റിതാജ് ഇബ്രാഹിംന്റെ കഴിവുകളെ  അംഗങ്ങൾ അംഗീകരിച്ചു.

എല്ലാ മേഖലകളിലും വിദ്യാർത്ഥികളുടെ കഴിവുകളെ പിന്തുണയ്ക്കുന്ന മന്ത്രാലയത്തിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയം എന്ന് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. പാർലമെന്ററി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങൾ വിദ്യാർത്ഥികൾക്ക് എത്തിക്കുന്ന വിദ്യാഭ്യാസ കോഴ്സുകളുടെ പങ്കിനെയും മന്ത്രി ചൂണ്ടിക്കാട്ടി.

സൗദി അറേബ്യ, യു എ ഇ, കുവൈത്ത്, ടുണീഷ്യ, അൽജീരിയ, സുഡാൻ, ഇറാഖ്, ഒമാൻ, പലസ്തീൻ, ലിബിയ, ഈജിപ്ത്, ജോർദാൻ തുടങ്ങി നിരവധി അറബ് രാജ്യങ്ങൾ അറബ് ചൈൽഡ് പാർലമെന്റിൽ പങ്കെടുക്കുന്നുണ്ട്.