വില്ല്യാപ്പള്ളി സ്വദേശിക്ക് ബഹ്‌റൈന്‍ പോലീസിൻറെ സത്യസന്ധതയ്ക്കുള്ള അംഗീകാരം

മനാമ: വില്ല്യാപ്പള്ളി സ്വദേശിയുടെ സത്യസന്ധതയ്ക്ക് അംഗീകാരവുമായി ബഹ്‌റൈന്‍ പോലീസ്. ബഹ്‌റൈന്‍ പൗരന്‍ അബദ്ധത്തില്‍ അയച്ച വലിയ തുക ബഹ്‌റൈന്‍ പോലിസിനെ ഏല്‍പ്പിച്ചതിനാണ് വില്ല്യാപ്പിള്ളി സ്വദേശിയായ ഫഹദിനെ സത്യസന്ധതയ്ക്കുള്ള അംഗീകാരം നല്‍കി അഭിനന്ദിച്ചത്. 800 ബഹ്‌റൈന്‍ ഫില്‍സ് (ഏകദേശം 150 രൂപ) നല്‍കേണ്ടിയിരുന്നതിന് പകരം ബഹ്‌റൈന്‍ പൗരന്‍ 800 ബഹ്‌റൈന്‍ ദിനാര്‍ (1.5 ലക്ഷത്തിലധികം രൂപ) ആണ് ബഹ്‌റൈന്‍ പൗരന്‍ ഫഹദിന് ഓണ്‍ലൈന്‍ വഴി അയച്ചുനല്‍കിയത്.

ബഹ്‌റൈനിലെ ഗലാലിയിലുള്ള കര്‍ഖ്‌വേ എന്ന ഷോപ്പില്‍ ചായ കുടിക്കാനെത്തിയതായിരുന്നു ബഹ്‌റൈന്‍ പൗരന്‍. ഇതിന്റെ പണമാണ് ഓണ്‍ലൈന്‍ വഴി അയച്ചത്. തുടര്‍ന്ന്, ഇത്രയും വലിയ തുക അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയതാണെന്ന് മനസിലാക്കിയ ഫഹദ് തന്റെ സുഹൃത്തായ സക്കീറിനെ അറിയിക്കുകയും പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. വില്ല്യാപ്പിള്ളി മന്നാന്‍പുനത്തില്‍ അബ്ദുല്‍ മജീദിന്റെയും കുഞ്ഞാമിയുടെയും മകനാണ് ഫഹദ്. ഭാര്യ: മുഹ്‌സിന. മകള്‍: ഹവ്വ മറിയം.

കെഎംസിസി ബഹ്‌റൈന്‍ അംഗമാണ് ഫഹദ്. പ്രവാസലോകത്തും മാതൃകാപ്രവര്‍ത്തനങ്ങളുമായി അംഗീകാരം നേടിയ ഫഹദിനെ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയും വില്ല്യാപ്പിള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അഭിനന്ദിച്ചു.