മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആർ എഫ്) ന് പുതിയ നേതൃത്വം. ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അരുൾദാസ് തോമസിന് പകരക്കാരനായി ഡോ. ബാബു രാമചന്ദ്രനാണ് ചെയർമാനായി ചുമതലയേൽക്കുന്നത്.
പുതിയ എക്സിക്യൂട്ടീവ് ടീമിൽ വൈസ് ചെയർമാനായി അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറിയായി പങ്കജ് നല്ലൂർ, ട്രഷററായി മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറിമാരായി നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷററായി രാകേഷ് ശർമ്മ എന്നിവരും ചുമതലയേൽക്കും.

അരുൾദാസ് തോമസ് പുതിയ ടീമിനൊപ്പം എക്സ്- ഒഫീഷ്യയോ / ഉപദേഷ്ടാവായി തുടരും. ഭഗവാൻ അസർപോട്ടയും ഉപദേഷ്ടാവായി തുടരും. സുരേഷ് ബാബു, മുരളി നോമുല, സുൽഫിക്കർ അലി, പങ്കജ് മാലിക്, ജവാദ് പാഷ, രമൺ പ്രീത് എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. നിലവിലെ ഐസിആർഎഫ് ഫുൾ ടീം അംഗങ്ങളും പ്രാദേശിക ഫോറം അംഗങ്ങളും സന്നദ്ധപ്രവർത്തകരും മാറ്റങ്ങൾ ഇല്ലാതെ എക്സിക്യൂട്ടീവ് ടീമിൻറെ ഭാഗമാകും.
അരുൾദാസ് തോമസിന്റെ അധ്യക്ഷതയിൽ ഐസിആർഎഫ് ഏറ്റെടുത്ത മഹത്തായ പ്രവർത്തനങ്ങളെ ചടങ്ങിൽ അംബാസഡർ അഭിനന്ദിച്ചു. ഒപ്പം ഡോ. ബാബു രാമചന്ദ്രൻറെ നേതൃത്വത്തിൽ ചുമതലയേൽക്കുന്ന പുതിയ ടീം ന് മികച്ച പ്രവർത്തനം കാഴ്ചവെക്കാനാവട്ടെ എന്നും ആശംസിച്ചു.