മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന വൈസ് കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സാഖിർ പാലസിൽ സ്വീകരിച്ചു. ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സാഹോദര്യബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതും ജി.സി.സി കൂട്ടായ്മയ്ക്ക് ശക്തിപകരുന്നതുമാണെന്ന് വിലയിരുത്തി.
അന്താരാഷ്ട്ര സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ നിലപാടുകളും ഇരുവരും ചർച്ച ചെയ്തു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിന് യു.എ.ഇ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളും ഇടപെടലുകളും പ്രതീക്ഷയുണർത്തുന്നതാണെന്നും ഹമദ് രാജാവ് വ്യക്തമാക്കി. ഇരുരാജ്യങ്ങളെയും പ്രതിനിധാനം ചെയ്ത് പ്രമുഖ വ്യക്തിത്വങ്ങളും ചർച്ചയിൽ സന്നിഹിതരായിരുന്നു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയുടെ പരിഹാരമാർഗങ്ങളും ചർച്ചയിൽ ഉയർന്നു.