മനാമ: പുതിയ പാസഞ്ചർ ടെർമിനൽ ആരംഭിച്ചതിനു ശേഷം 20 വാണിജ്യ എയർലൈനുകളിലായി 9,176 ഫ്ലൈറ്റുകളിൽ 9,20,210 യാത്രക്കാരെ കൈകാര്യം ചെയ്തതായി ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. ആറു മാസം മുൻപാണ് പുതിയ പാസഞ്ചർ ടെർമിനൽ പ്രവർത്തനം ആരംഭിച്ചത്. കോവിഡ് മഹാമാരിക്കിടയിലും ഇത്രയും അധികം യാത്രക്കാർ യാത്ര ചെയ്തത് വലിയ നേട്ടമാണെന്ന് കമ്പനി പറഞ്ഞു.
ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം ആഗോള പാസഞ്ചർ ട്രാഫിക് ഇതുവരെ പ്രീ-പാൻഡെമിക് ലെവലിൽ എത്തിയിട്ടില്ലെങ്കിലും ബഹ്റൈന്റെ വ്യോമയാന രംഗത്തെ മുന്നേറ്റങ്ങൾ വിലയിരുത്തുമ്പോൾ ലോകോത്തര യാത്രാ അനുഭവമാണ് നൽകുന്നത് എന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി പറഞ്ഞു.
വിപുലമായ ഇൻഫ്രാസ്ട്രക്ചറുകളോടെയാണ് നിലവിലുള്ളതിനേക്കാളും നാലിരട്ടി വലിപ്പത്തോടെ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പുതിയ ടെർമിനൽ പ്രവർത്തനമാരംഭിച്ചത്. പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ മികച്ച എയർപോർട്ട് അനുഭവം യാത്രക്കാർക്ക് സമ്മാനിക്കുന്നതാണ് ടെര്മിനലെന്നും കമ്പനി കൂട്ടിച്ചേർത്തു.