മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ റെഡ് ലിസ്റ്റ് ചെയ്ത രാജ്യങ്ങളുടെ എണ്ണം പുതുക്കി ബഹ്‌റൈൻ. ജോർജിയ, ഉക്രെയ്ൻ, റിപ്പബ്ലിക് ഓഫ് മലാവി എന്നിവയെയാണ് പുതിയതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 12 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ നിലവിൽ റെഡ്‌ലിസ്റ്റിൽ തന്നെ തുടരുകയാണ്.
ബഹ്‌റൈൻ പൗരന്മാർക്കും റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കാൻ അർഹതയുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത ക്യൂ ആർ കോഡോട് കൂടിയ ആർ ടി പി സി ആർ പരിശോധനാ ഫലം ഹാജരാക്കണം. രാജ്യത്ത് എത്തിയ ശേഷം 10 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. ബി അവെയർ ആപ്ലിക്കേഷൻ വഴിയോ എയർപോർട്ടിൽ എത്തിയ ശേഷമോ ഒന്നാം ദിനത്തേയും പത്താം ദിനത്തേയും കോവിഡ് പരിശോധനയ്ക്കുള്ള 24 ദിനാർ അടയ്ക്കാവുന്നതാണ്.
സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിൻറെ പേരിലോ താമസ സ്ഥലത്തിന്റെ ലീസ് എഗ്രിമെന്റോ ഇലെക്ട്രിസിറ്റി ബിൽ പകർപ്പോ കയ്യിലില്ലാത്തവർ എൻ.എച്.ആർ.എ അംഗീകരിച്ച ഹോട്ടലുകളിൽ ബുക്ക് ചെയ്തു വേണം കോറന്റീൻ പൂർത്തീകരിക്കാൻ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റെഡ് ലിസ്റ്റ് രാജ്യങ്ങൾ പരിഷ്ക്കരിക്കുന്നത് .