ഡോ.സാലിം ഫൈസി കൊളത്തൂര്‍ ഇന്ന് ബഹ്റൈനിലെത്തും; സമസ്ത ത്രൈമാസ ക്യാംപെയ്ൻ ‘അല്‍ ഫിത്വ് റ -1440’ നാളെ മുതല്‍

മനാമ: ഇസ്ലാമിലെ പവിത്ര മാസങ്ങളായ റജബ്, ശഅ്ബാന്‍, റമദാന്‍ മാസങ്ങളെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സമസ്ത ബഹ്റൈന്‍ ത്രൈമാസ കാന്പയിന്‍ ആചരിക്കുന്നത്.

നാളെ (വ്യാഴാഴ്ച) രാത്രി 9.മണിക്ക് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയതങ്ങള്‍ കാന്പയിന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും എഴുത്തുകാരനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

ഇതിനായി ബഹ്റൈനിലെത്തുന്ന സാലിം ഫൈസിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് ബഹ്റൈന്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ സമസ്ത ബഹ്റൈന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

തുടര്‍ന്ന് ഇന്ന് രാത്രി 9.മണിക്ക് പ്രവാസികളുടെ ആരോഗ്യം എന്ന വിഷയത്തില്‍ മനാമയില്‍ അദ്ധേഹം ക്ലാസെടുക്കും.

കൂടാതെ സമസ്ത നടത്തുന്ന ദശദിന കാന്പയിനില്‍ വ്യത്യസ്ത വിഷയങ്ങളില്‍ വിവിധ ഏരിയകളിലും അദ്ദേഹം ക്ലാസെടുക്കും.

ഇന്ന് ഉച്ചക്ക് 12മണിക്ക് ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെത്തുന്ന ഡോ.സാലിംഫൈസിയെ സ്വീകരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ ക്രിത്യ സമയത്ത് എയര്‍പോര്‍ട്ടിലെത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 00973-35107554