മനാമ: കോവിഡ് മഹാമാരിയുടെ സമയത്ത് ബഹ്റൈനിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികച്ച രീതിയിലായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയും ബഹ്റൈനിലെ ഓഫിസ് മേധാവിയുമായ ഡോ. തസ്നിം അതത്രാ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമിയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു തസ്നിം അതത്രാ. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ സ്വീകരിച്ച നടപടികളെ തസ്നിം അതത്രാ പ്രശംസിച്ചു. രണ്ടു മന്ത്രാലയങ്ങളുടെയും അടുത്ത സഹകരണം ആരോഗ്യകരമായ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചതായും തസ്നിം അതത്രാ പറഞ്ഞു.
എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ചും അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കിയ മുൻകരുതലുകളും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ പോർട്ടൽ, ടെലിവിഷൻ, യൂട്യൂബ് ചാനലുകൾ തുടങ്ങിയവ വഴി മന്ത്രാലയം നൽകിയ ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങൾ അവർ എടുത്തുപറഞ്ഞു. ബഹ്റൈന്റെ വിദൂര വിദ്യാഭ്യാസത്തെ നിരവധി പ്രാദേശിക അന്തർദേശീയ സംഘടനകൾ പ്രശംസിച്ചതായും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസി. അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹജേരി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസി. അണ്ടർസെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.