മനാമ: ആനുകാലിക പ്രസക്തിയുള്ള വിഷയവുമായി ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ലക്ഷ്യ’. ആഗോളതലത്തില്‍ത്തന്നെ, പ്രത്യേകിച്ച് ഇന്ത്യയില്‍ ഭൂമിയോടു യാതൊരു ആദരവും പ്രകടിപ്പിക്കാത്ത കാഴ്ചകളാണ് ദിവസേന അരങ്ങേറുന്നത്. എന്നാല്‍ മനുഷ്യന് ഭൂമിയോടുണ്ടായിരിക്കേണ്ട ആദരവും ആത്മബന്ധവും വ്യക്തമാക്കുന്ന ഒരു കലാസൃഷ്ടിയാണ് ‘ഗയ’ എന്ന നൃത്താവിഷ്‌കാരത്തിലൂടെ ലക്ഷ്യ ഒരുക്കുന്നത്. ‘GAIA – The Mother Earth’എന്ന ഈ ഡാന്‍സ് ഫിലിം വിമെന്‍ എക്രോസ്സ് ബഹ്‌റൈന്‍, ഡൈനമിക് ആര്‍ട്‌സ് എന്നീ കലാസാംസ്‌കാരിക കൂട്ടായ്മകളുമായി ചേര്‍ന്നാണ് ഒരുക്കുന്നതെന്ന് ലക്ഷ്യയുടെ സ്ഥാപകയും നൃത്താധ്യാപികയുമായ വിദ്യാശ്രീ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ബഹ്റൈന്‍ സോപാനത്തില്‍ വച്ച് നടന്ന പൂജാചടങ്ങ് സിനിമാ, നാടക പ്രവര്‍ത്തകരായ പ്രകാശ് വടകരയും ജയാമേനോനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗയയുടെ ആശയവും കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിക്കുന്നത് ബഹ്‌റൈനിലെ പ്രമുഖ നൃത്താധ്യാപിക കൂടിയായ വിദ്യാശ്രീയാണ്. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ അരങ്ങേറിയിട്ടുള്ള കമല, മെലൂഹ തുടങ്ങിയ നൃത്താവിഷ്‌കാരങ്ങളുടെ സംവിധായിക കൂടിയാണ് വിദ്യാശ്രീ.
ഗയയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനായ പാലക്കാട് ശ്രീറാമാണ്. ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബഹ്‌റൈനിലെ അറിയപ്പെടുന കലാകാരികളായ സര്‍ഗ്ഗ സുധാകര്‍, സായി അര്‍പ്പിത എന്നിവരാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ ജേക്കബ്, അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് വി ദേവന്‍, ഡയലോഗ് നയന്‍താര സലിം, വോയ്‌സ് അനുപമ ബിനു, ടിജി മാത്യു, മേക്കപ് ലളിത ധര്‍മ്മരാജ്, ആര്‍ട്ട് ദിനേശ് മാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ആറ്റിങ്ങല്‍, റിക്കോര്‍ഡിംഗ് ജോസ് ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു. പൂജാചടങ്ങില്‍ ബഹ്‌റൈനിലെ പ്രമുഖ കലാ സാംസ്‌കാരിക പ്രവര്‍ത്തകരായ നിഷാ രംഗ, രേഖ ഉത്തം, മീര രവി, സുമിത്ര പ്രവീണ്‍, എന്‍ കെ വീരമണി, സന്തോഷ് കൈലാസ്, ഇ.എ.സലിം, ഷേര്‍ലി സലിം, പ്രവീണ്‍ നായര്‍, ഫിറോസ് തിരുവത്ര, അജികുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗയ ഈ വര്‍ഷം അവസാനത്തോടുകൂടി ഷൂട്ടിംഗ് തീര്‍ത്ത് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് സംവിധായിക വിദ്യാശ്രീ അറിയിച്ചു.