മനാമ: ബഹ്റൈനിലെ മരുന്നുകളുടെ വില മറ്റു ജി.സി.സി രാജ്യങ്ങളുടേതിന് തുല്യമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ മരുന്നുവില സംബന്ധിച്ച് പ്രാദേശിക പത്രത്തിൽ വന്ന വാർത്തയോടുള്ള പ്രതികരണമായാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ അംഗരാജ്യങ്ങളിലും മരുന്നുകളുടെ വില ഏകീകരിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ കൈക്കൊണ്ട തീരുമാനം നടപ്പാക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് അതോറിറ്റി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഏകീകൃത വിലയാണ് ബഹ്റൈനിലും ഈടാക്കുന്നത്. കടത്തു കൂലി, ഇൻഷുറൻസ് തുടങ്ങിയ ഘടകങ്ങൾ കണക്കാക്കിയാണ് മരുന്നുവില നിശ്ചയിക്കുന്നത്. ജി.സി.സി സംവിധാനത്തിന് പുറത്തുള്ള രാജ്യങ്ങളിലെ മരുന്നുവില മറ്റു ഘടകങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ബഹ്റൈനിൽ ലഭ്യമായ മരുന്നുകളുടെ വില സംബന്ധിച്ച വിവരങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റിലെ ‘ഓപൺ ഡേറ്റ’ വിഭാഗത്തിൽ ലഭ്യമാണ്.