മനാമ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ടൂബ്ലി ഘുമൈസ് കൺസ്ട്രക്ഷൻ ക്യാമ്പിലെ തൊഴിലാളികൾക്ക് രണ്ടു മാസത്തെ സാധനങ്ങൾ അടങ്ങിയ 75 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ എട്ടു മാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികൾക്ക് ആശ്വാസമായാണ് കിറ്റ് വിതരണം നടത്തിയത്.
ദേശീയഗാനാലാപനം, ദേശഭക്തിഗാനങ്ങൾ എന്നിവയോടെയാണ് പരിപാടി തുടങ്ങിയത്. മഹാമാരിയുടെ സമയത്ത് എല്ലാ പ്രവാസികളെയും സ്വന്തം പൗരന്മാർക്കൊപ്പം പരിഗണിച്ച ബഹ്റൈൻ ഭരണാധികാരികൾക്കും സർക്കാറിനുമുള്ള ആദരം കൂടിയായാണ് പരിപാടി സംഘടിപ്പിച്ചത്.