മനാമ: ‘ഓണം എല്ലാവരുടെയുമാണ്’, ‘ഓണം എല്ലാവർക്കുമാണ്’ എന്നീ ആശയങ്ങൾ മുൻനിർത്തി ബഹ്‌റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച ‘ഓണം ഫോർ ഓൾ’ ക്യാമ്പയിന് പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണ പ്രഖ്യാപന നിമിഷം മുതൽ ലഭിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.
‘കോവിഡ് പ്രതിസന്ധികളിൽ തളർന്നു, ജീവിതത്തിൽ ഇരുള് പരക്കുന്നു എന്ന തോന്നലുമായി ജീവിക്കുന്ന അനേകം പ്രവാസികൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. അവർക്കൊക്കെ പുതു പ്രതീക്ഷകൾ നൽകാനും, ഈ ദുരിതകാലവും കടന്നു പോകും, ഇതിനപ്പുറം നമ്മളെയൊക്കെ കാത്തു ഒരു നല്ലനാളെയുണ്ടെന്ന പ്രതീക്ഷ കൊടുക്കാനുമായി സാമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോർ ഓൾ. താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും മറ്റു അർഹതപ്പെട്ട പ്രവാസികൾക്കും വിഭവസമ്പുഷ്ടമായ ഓണസദ്യ എത്തിച്ചു നൽകുക വഴി ഓണാഘോഷം എല്ലാവർക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം.’ – സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
‘ഓണം എന്ന മഹത്തായ ആചാരത്തിന്റെ അന്തസത്ത അന്യഭാഷാ തൊഴിലാളികളിലേക്കു കൂടി പരിചയപ്പെടുത്തുക എന്ന ആശയവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. ഈ പദ്ധതിയിലൂടെ അർഹതപ്പെട്ട മൂവായിരത്തിൽ പരം ആളുകളിലേക്ക് ഓണസദ്യ എത്തിച്ചുനൽകാനാണ് സമാജം പരിശ്രമിക്കുന്നത്. വിപുലമായ വോളന്റീർ കമ്മറ്റിയും മറ്റു ഒരുക്കങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി അണിയറയിൽ തായ്യാറായി കൊണ്ടിരിക്കുകയാണ്’ – സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.
പൊതുജന പിന്തുണയോടെയാണ് ഈ പരിപാടി മുൻപോട്ടു നീങ്ങുന്നത്. ഈ ആശയത്തോട് യോജിക്കുന്നവർക്കു ഒരു നിശ്ചിതസംഖ്യ ആളുകൾക്കുള്ള ഓണസദ്യ സ്പോൺസർ ചെയ്യാനുള്ള അവസരമുണ്ട്. ഈ പദ്ധതിയെ പിന്തുണക്കാൻ താത്പര്യമുള്ളവർക്ക് (38031890 ) എന്ന വാട്സാപ്പ് നമ്പരിൽ (വാട്സാപ്പ് മാത്രം) അവരുടെ സഹായം അറിയിക്കാവുന്നതാണ് എന്ന് സമാജം ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.