മനാമ: സ്വാതന്ത്ര്യസമര സേനാനികൾ എല്ലാം നഷ്ടപ്പെടുത്തിയും ജീവൻ ത്യജിച്ചും നേടിത്തന്ന സ്വാതന്ത്ര്യത്തിന് കോട്ടം സംഭവിക്കാതെ അടുത്ത തലമുറക്ക് കൈമാറുമെന്ന പ്രതിജ്ഞയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. റേഡിയോ രംഗിൻറെ സഹകരണത്തോടെ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഭക്ഷ്യധാന്യങ്ങൾക്ക് വിദേശ രാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടേണ്ടിവന്ന സാഹചര്യമായിരുന്നു. അവിടെനിന്ന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. വ്യവസായരംഗത്തും നമ്മൾ ഒന്നുമല്ലായിരുന്നു. ഇന്ന് സൈക്കിൾ യുഗത്തിൽ നിന്ന് സ്പേസ് യുഗത്തിലേക്ക് മാറാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം പറഞ്ഞു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഗഫൂർ കയ്പ്പമംഗലം, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കെ.സി ഫിലിപ്, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡൻറ് രവി കണ്ണൂർ, മാത്യൂസ് വാളക്കുഴി, രവി സോള, ഇബ്രാഹിം അദ്ഹം, ഷാജി തങ്കച്ചൻ എന്നിവർ സംസാരിച്ചു. കലാകാരൻ ദിനേശ് മാവൂർ സാൻഡ് ആർട്ടിലൂടെ സ്വാതന്ത്ര്യസമര സേനാനികളെയും സ്വാതന്ത്ര്യസമര മുഹൂർത്തങ്ങളെയും അവതരിപ്പിച്ചു. രാജീവ് വെള്ളിക്കോത്ത്, രവി മാരെത്ത് എന്നിവർ അവതാരകരായി.