മനാമ: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെ ബഹ്റൈൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിലെ ആഭ്യന്തര സാഹചര്യം സുസ്ഥിരമാക്കുന്നതിനും പൗരൻമാരുടെ ജീവനും നിയമവാഴ്ചയും സംരക്ഷിക്കുന്നതിനും എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിലെ ഒരു അംഗമെന്ന നിലയിൽ ബഹ്റൈൻ അതിന്റെ ധാർമ്മിക ബാധ്യതകളെ അടിസ്ഥാനമാക്കി, ആഗോള പങ്കാളിത്തതോടെ അഫ്ഗാനിസ്ഥാനിലെ സുരക്ഷിതമായ ഒഴിപ്പിക്കൽ സുഗമമാക്കുന്ന മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും സംഭാവന ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അഫാഗാൻ പൗരൻമാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ബഹ്റെെൻ എല്ലാ പിന്തുണയും നൽകുന്നതോടൊപ്പം ഗതാഗത സൗകര്യം സുഗമമാക്കാൻ രാജ്യത്തെ ഫ്ലെെറ്റുകൾ അനുവദിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ബഹ്റൈൻ രാജ്യം അന്താരാഷ്ട്ര സമൂഹത്തിനുള്ളിലെ പ്രതിബദ്ധതയുള്ള പങ്കാളിയാണെന്നും മാനുഷിക ഐക്യത്തിന് പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.