മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇന്ത്യ @75 എന്ന ആഘോഷത്തിന്റെ ഭാഗമായി, ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കലും അവാര്‍ഡുദാന ചടങ്ങും ഇന്ത്യന്‍ ക്ലബ്ബില്‍ വെച്ചു നടന്നു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ ഹനാന്‍, ആരോഹി കേല്‍കാര്‍, ചേതന വാസുദേവന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ അനന്യ ശ്രീകുമാര്‍, ദേവനാ പ്രവീണ്‍, ദൃഷ്ടി ബോത്ര എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ ശില്പ സന്തോഷ്, കീര്‍ത്തന കണ്ണന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍, മൂന്നാം സ്ഥാനം വാറ്റ്ഷ്യ ബാലസുബ്രഹ്മണിയന്‍, നിഹാല്‍ എന്നിവര്‍ പങ്കിട്ടു.
ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ വീഡിയോ സന്ദേശത്തിലൂടെ പരിപാടികള്‍ക്ക് ആശംസകളര്‍പ്പിച്ചു.
വിജയിച്ച കുട്ടികള്‍ക്ക് മെമെന്റോ, സര്‍ട്ടിഫിക്കറ്റ്, ഗിഫ്റ്റ് ഹാമ്പര്‍ എന്നിവ നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് ജവാദ് പാഷ അധ്യക്ഷനായ ചടങ്ങില്‍, സെക്രട്ടറി യുസുഫ് അലി സ്വാഗതവും വൈസ് പ്രസിഡന്റ് റഷീദ് സയ്യിദ് നന്ദിയും പറഞ്ഞു.