മനാമ: അമേരിക്കയുടെ പിന്മാറ്റത്തിനുശേഷം അഫ്ഗാനിലുണ്ടായ അസ്ഥിരത സമാധാനത്തിന് വഴിമാറുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് അവിടെ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങൾക്ക് ക്ഷേമവും രാജ്യത്തിന് പുരോഗതിയും ഉറപ്പാക്കാനും ആവശ്യമായ നടപടികളുണ്ടാകണമെന്ന് പുതിയ ഭരണകൂടത്തോട് അഭ്യർഥിക്കുകയും ചെയ്തു. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നവരെ അമേരിക്കയിലെത്തിക്കുന്നതിന് ബഹ്റൈൻ വിമാനക്കമ്പനിയായ ഗൾഫ് എയർ പങ്കുചേർന്നത് അഭിമാനകരമാണെന്ന് വിലയിരുത്തി. അന്താരാഷ്ട്ര തലത്തിൽ ഒരു വിമാനക്കമ്പനി ആദ്യമായാണ് ഈ ദൗത്യത്തിൽ പങ്കുചേർന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗതീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു. ആശൂറയോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രഭാഷണം രാജ്യത്തിെൻറ മതസഹിഷ്ണുതയും വിവിധ വിഭാഗങ്ങളോടുള്ള സമഭാവനയും ഉൾക്കൊള്ളുന്നതായിരുന്നുവെന്ന് മന്ത്രിസഭ വ്യക്തമാക്കി. കോവിഡ് -19 നെ നേരിടാനുള്ള ബഹ്റൈന്റെ നിരന്തരമായ പരിശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് രാജാവിന് മന്ത്രിസഭ നന്ദിയും അഭിനന്ദനവും അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
ബഹ്റൈൻ സ്ത്രീകളുടെ പുരോഗതിയും സർക്കാരിൽ അവരുടെ പ്രാധിനിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങളും നയങ്ങളും വികസിപ്പിക്കുന്നത് സുപ്രീം കൗൺസിൽ ഫോർ വിമെൻ ൻറെ സഹകരണത്തോടെ തുടരുമെന്ന് മന്ത്രിസഭ ഉറപ്പ് നൽകി. മന്ത്രിമാർ വിദേശ രാഷ്ട്രങ്ങളിൽ നടത്തിയ സന്ദർശനത്തിൻറെയും വിവിധ പരിപാടികളിൽ പങ്കെടുത്തതിൻറെയും റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിച്ചു 2021 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ പരിപാടികളുടെ കലണ്ടർ സംബന്ധിച്ച മന്ത്രിതല റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തു.