മനാമ: അറബ് ചൈൽഡ് പാർലമെന്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബഹ്‌റൈനി വിദ്യാർത്ഥി റിതാജ് ഇബ്രാഹിം അൽ അബ്ബാസിയെ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അൽസാഖിർ പാലസിൽ സ്വീകരിച്ചു. 52% വോട്ടുകൾ നേടി 12 അറബ് രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ മറികടന്നാണ് ഹിദ്ദ് സെക്കണ്ടറി ഗേൾസ് സ്കൂൾ വിദ്യാർത്ഥിനിയായ റിതാജ് വിജയം കൈവരിച്ചത്.
വിദ്യാഭ്യാസ തലത്തിൽ രാജ്യത്തിന്റെ വളർച്ച ഉയർത്തിക്കാട്ടി എല്ലാ ബഹ്റൈനികൾക്കും അഭിമാനമായ റിതാജിനെ രാജാവ് പ്രശംസിച്ചു. സാംസ്‌കാരികവും ബൗദ്ധികവുമായ തലത്തിലും പൊതു പ്രഭാഷണത്തിലും സംഭാഷണത്തിലും നേതൃപാടവത്തിലും ചർച്ചയിലുമുള്ള റിതാജ് ഇബ്രാഹിന്റെ കഴിവുകളെ രാജാവ് ഉയർത്തിക്കാട്ടി.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ടുണീഷ്യ, അൾജീരിയ,സുഡാൻ, ഇറാഖ്, ഒമാൻ, പലസ്തീൻ, ലിബിയ, ഈജിപ്ത്, ജോർദാൻ, തുടങ്ങി നിരവധി അറബ് രാജ്യങ്ങളാണ് അറബ് ചൈൽഡ് പാർലിമെന്റിൽ പങ്കെടുക്കുന്നത്.