മനാമ: നിശ്ചിത സമയങ്ങളിലെ ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ bahrain.bh എന്ന ദേശീയ പോർട്ടൽ സംവിധാനം ഉപയോഗിക്കണമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ -ഗവൺമെൻറ് അതോറിറ്റി പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരോട് ആഹ്വാനം ചെയ്തു.
സ്വകാര്യമേഖലയിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വ്യവസായങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് ആഗസ്റ്റ് മുതൽ രണ്ടു വർഷം കൂടുമ്പോഴുള്ള മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. bahrain.bh എന്ന വെബ്സൈറ്റ് വഴി അപ്പോയൻറ്മെൻറ് എടുക്കാവുന്നതാണ്.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് അതോറിറ്റി ഓൺലൈൻ ബുക്കിങ് സേവനം നൽകുന്നത്. 2016 മുതൽ 2021 ജൂൺ വരെ 7,02,959 അപ്പോയൻറ്മെൻറുകൾ പോർട്ടൽ വഴി നടന്നിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഡോ. സക്കറിയ അഹ്മദ് അൽഖജാഹ് പറഞ്ഞു.
പുതിയ നിബന്ധന പ്രകാരമുളള അധിക മെഡിക്കൽ ചെക്കപ്പുകൾ ആവശ്യമുണ്ടോയെന്നും ഈ സംവിധാനം വഴി അറിയാൻ കഴിയും.
സലൂണുകൾ, കോസ്മെറ്റിക് പാക്കേജിങ് -സെയിൽസ് ബിസിനസുകൾ, മസാജ് ഔട്ട്ലെറ്റുകൾ, ഹോട്ടലുകൾ, ശീതളപാനീയ ഷോപ്പുകൾ, പൊതു-സ്വകാര്യ ഒഴിവു സമയങ്ങളിൽ ഹോട്ടലുകൾ, മറ്റ് ഭക്ഷണ, പാനീയ സ്ഥാപനങ്ങൾ, ഭക്ഷ്യ സംഭരണശാലകൾ, മില്ലുകളും ബേക്കറികളും തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് നിർബന്ധമായും രണ്ടു വർഷം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടത്.
അപ്പോയൻറ്മെൻറുകൾ പുനഃക്രമീകരിക്കുന്നതിനും ഹെൽത്ത് റിപ്പോർട്ടുകൾ ലഭിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. ഹെൽത്ത് സെൻററുകളിൽ വ്യക്തികൾ നേരിട്ട് എത്തുന്നത് കുറക്കാനും സമയം ലാഭിക്കാനും ഇതുവഴി സാധിക്കുമെന്ന് ഡോ. അൽഖജാഹ് പറഞ്ഞു.