മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി വെർച്വൽ ഓപൺഹൗസ് സംഘടിപ്പിച്ചു. വിവിധ തൊഴിൽ പ്രശ്നങ്ങൾക്ക് ഓപൺ ഹൗസിൽ പരിഹാരം കണ്ടു. ഇന്ത്യൻ സമൂഹത്തിന് വാക്സിൻ നൽകാൻ പിന്തുണ നൽകിയ ബഹ്റൈൻ സർക്കാറിനെ അംബാസഡർ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. ഇന്ത്യൻ പൗരന്മാർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കാനുള്ള എൽ.എം.ആർ.എയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എംബസി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ സജീവമായി പങ്കെടുത്ത പ്രവാസി സമൂഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ 12 വീട്ടുജോലിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാധിച്ചതായി അംബാസഡർ അറിയിച്ചു.ഐ.സി.ആർ.എഫിൻറെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. കിടപ്പുരോഗിയായ സദാനന്ദനെ നാട്ടിലെത്തിക്കാനും ഹരികുമാർ എന്നയാളുടെ പേരിലുള്ള യാത്ര വിലക്ക് നീക്കാനും സാധിച്ചു.
കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും വാക്സിൻ സ്വീകരിക്കാനും അംബാസഡർ ആഹ്വാനം ചെയ്തു. ഇന്ത്യൻ സമൂഹത്തിനുവേണ്ടിയുള്ള ഏറ്റവും പുതിയ വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിലും സമൂഹ മാധ്യമ അക്കൗണ്ടുകളിലും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.