മനാമ: ഗ്രീൻലിസ്റ്റ് രാജ്യങ്ങളിൽനിന്ന് ബഹ്റൈനിൽ എത്തുന്ന വാക്സിൻ എടുക്കാത്ത കുട്ടികൾക്കുള്ള പുതിയ നിബന്ധനകൾ സിവിൽ ഏവിയേഷൻ അഫയേഴ്സ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി അഞ്ചുദിവസത്തെ ക്വാറൻറീൻ മതി. ഇതുവരെ 10 ദിവസത്തെ ക്വാറൻറീൻ ആണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. പുതിയ തീരുമാനം ആഗസ്റ്റ് 29 മുതൽ നടപ്പാകും. അതേസമയം, നിലവിൽ ഇന്ത്യ അടക്കമുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കണം. കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയുടെ ശിപാർശ അനുസരിച്ചാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന അഞ്ചുവയസ്സിൽ താഴെയുള്ളവർക്ക് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. ആറിനും 12നും ഇടയിൽ പ്രായമുള്ളവർക്ക് നേരത്തേയുള്ളതുപോലെ പി.സി.ആർ ടെസ്റ്റ് നടത്തണം. ഇതിനുപുറമെ, ബഹ്റൈനിൽ എത്തിച്ചേരുന്ന വിദ്യാർഥികൾ 10 ദിവസത്തെ നിർബന്ധിത ഓൺലൈൻ പഠനം പൂർത്തിയാക്കണം. സ്കൂളുകൾ, കിൻറർഗാർട്ടൻ, നഴ്സറി, റീഹാബിലിറ്റേഷൻ സെൻറർ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഇത് ബാധകമാണ്.
ആഗസ്റ്റ് 29 മുതൽ ബഹ്റൈനിലേക്ക് വരുന്ന എല്ലാ യാത്രക്കാരും അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന തീരുമാനം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന് 10ാം ദിവസവുമാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും. റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക എല്ലാ മാസവും പുതുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് ഇനി പട്ടിക പുതുക്കുന്നത്.
ബഹ്റൈനിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാർക്ക് സ്വന്തം നാട്ടില്‍നിന്ന് കോവിഡ് വാക്സിനേഷന് സ്വീകരിച്ചതിൻറെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബഹ്റൈനിലേക്ക് പ്രവേശിക്കാം.
ആറുവയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ടത്. യാത്രക്കാർ വിമാനം കയറുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറൻറീന് ആവശ്യമില്ല. യാത്ര ചെയ്യുന്നതിനുമുമ്പ് www.evisa.gov.bh എന്ന വെബ്സൈറ്റില്‍നിന്ന് ബഹ്റൈനില്‍ ഓണ്‍ അറൈവല്‍ വിസ അര്‍ഹതയുള്ള രാജ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.