മനാമ: ബഹ്‌റൈനിലെ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചു കൊണ്ട് യൂട്യൂബ്, ഫേസ്ബുക്, സൂം, അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലായി നടത്തിയ ഓണാഘോഷം, പരിപാടികളുടെ വൈവിധ്യം കൊണ്ടും, ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. തിരുവാതിര,ഓണപ്പാട്ട്, സിനിമാറ്റിക് ഡാൻസ് ,സെമി ക്ലാസിക്കൽ ഡാൻസ്, കവിതകൾ, ടിക് ടോക്ക്,ഓണപ്പുടവ മത്സരം , പായസ മത്സരം, സംഘഗാനം, നാടൻപാട്ടുകൾ,ചലച്ചിത്ര ക്വിസ് തുടങ്ങിയ പരിപാടികളുമായി സമാജം കലാകാരന്മാരോടൊപ്പം ആരവവും യവനികയും വേദിയിലെത്തി.
സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽസോപാനം കലാകാരന്മാർ അവതരിപ്പിച്ചസോപാന സംഗീതവും ,പഞ്ചാരി മേളവും ശ്രദ്ധേയമായി. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ആദ്യമായാണ് ബഹ്‌റൈനിൽ മേളം അരങ്ങേറിയത് . ഏഴാം ദിവസം വൈകിട്ടു 8.00 മണി മുതൽ പ്രശസ്ത അവതാരകനും മജിഷ്യനുമായ ആയ രാജ് കലേഷ്, മജീഷ്യൻ മൂർത്തി, പോൾ ഡാൻസർ കിഷോർ, ഗായിക ചിത്ര പൈ എന്നിവർ ഓണ്ലൈൻ ഇന്ററാക്ടിവ് മെഗാ ഷോയ്ക്കു നേതൃത്വം നൽകി. സമാപന ദിവസമായ വെള്ളിയാഴ്ച 2500 പേർക്ക് അട പ്രഥമൻ തയ്യാറാക്കി വിതരണം നടത്തി.
പഴയിടം മോഹനൻ നമ്പൂതിരി ഓണ്ലൈനിൽ പായസം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം പായസ മത്സരവും നടന്നു. തുടർന്ന് വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം രോഹിണിയുമായി പി വി രാധാകൃഷ്ണപിള്ള ഓൺലൈൻ മുഖാമുഖം നടത്തി . പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ നേതൃത്വത്തിൽ നടന്ന ഗാനമേള ലക്ഷക്കണക്കിന് ആളുകൾ ആണ് വീക്ഷിച്ചത്.ഗാനമേളയോടൊപ്പം പി വി രാധാകൃഷ്ണപിള്ളയും ഗായിക കെ എസ ചിത്രയും നടത്തിയ സംഭാഷണവും പ്രേക്ഷക ശ്രദ്ധ നേടി. കെ. എസ് ചിത്രയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജ്, സമാജം യൂ ട്യൂബ് ഫേസ്ബുക് പേജുകൾ, റേഡിയോ രംഗ് ഫേസ്ബുക് പേജ്, സി ലൈവ് ഫേസ്ബുക് പേജ്, ലോക നാടക വാർത്തകൾ ഫേസ്ബുക് പേജ് അടക്കം നിരവധി ഫേസ്ബുക് പേജുകൾ ആണ് പരിപാടികൾ സ്ട്രീം ചെയ്തത്.
പരിപാടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ട്രീം ചെയ്യാൻ സമാജം IT ടീമിന്റെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങൾ ആണ് സമാജത്തിൽ സജ്ജീകരിച്ചിരുന്നത്. സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, എൻറർടെയിൻമെൻ്റ് സെക്രട്ടറി പ്രദീപ് പത്തേരി ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ദിലിഷ് കുമാർ, ജോയിൻ കൺവീനർ ആഷ്ലി കുര്യൻ, പായസ വിതരണത്തിന്റെ ചുമതല നിർവഹിച്ച ഉണ്ണികൃഷ്ണ പിള്ള, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.