മനാമ: പൊതു ആശുപത്രിയിൽ പുതുതായി അംഗീകാരം ലഭിച്ച ഫെർട്ടിലിറ്റി ക്ലിനികിൽ ആദ്യ വർഷത്തിൽ 200 ദമ്പതികൾക്ക് ചികിത്സ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (കെ.എച്ച്.യു.എച്ച്) ഇൻ -വിട്രോ ഫെർട്ടിലൈസേഷൻ (െഎ.വി.എഫ്.) സെന്ററിന്റെ സൗകര്യം നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ)അംഗീകരിച്ചു.
എൻഎച്ച്ആർഎ അംഗീകരിച്ച രാജ്യത്തെ തന്നെ നൂതന സൗകര്യങ്ങളുള്ള രണ്ടാമത്തെ ഫെർട്ടിലൈസേഷൻ സെന്റർ ആണ് ഇൻ -വിട്രോ ഫെർട്ടിലൈസേഷൻ സെന്റർ, രാജ്യത്ത് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ആദ്യത്തെ ഫെർട്ടിലൈസേഷൻ സെന്റർ ഉള്ളത് ബി.ഡി.എഫ്. ആശുപത്രിയിലാണ്.
െഎ.വി.എഫിൽ മികച്ച ആധുനിക സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും യോഗ്യതയുള്ള പ്രൊഫഷണൽ സ്റ്റാഫുകളാണ് ഉള്ളതെന്നും സെൻററിൻറെ ഡയർക്ടർ പ്രൊഫസർ ഡോ. ഹൊസ്നി മലാസ് അഭിപ്രായപ്പെട്ടു.
ആദ്യ വർഷത്തിൽ 200 ദമ്പതികൾക്ക് ചികിത്സ നൽകാനാണ് ലക്ഷ്യമിടുന്നതെങ്കിൽ വരും വർഷങ്ങളിൽ എണ്ണം വർധിപ്പിക്കുമെന്നും പ്രൊഫസർ ഡോ.മാലാസ് പറഞ്ഞു. ഞങ്ങൾ ദമ്പതികൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ വാഗ്ദാനം ചെയ്യുന്നുവെന്നും ഡോ.മാലാസ് വ്യക്തമാക്കി.
ഗർഭധാരണത്തിനു മുമ്പുള്ള കൗൺസിലിംഗ്, അണ്ഡോത്പാദന ഇൻഡക്ഷൻ, സൈക്കിൾ മോണിറ്ററിംഗ്, ഇൻട്രാ-യൂട്ടറിൻ ബീജസങ്കലനം,ക്രോമസോം വിശകലനം തുടങ്ങിയവ സെൻററിൽ നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു.