മനാമ: കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കുന്നതിനുള്ള നടപടികൾക്കായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് ബഹ്റൈൻ ഡിഫൻസ് ഫോഴ്‌സ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം നടത്തി. ഇതോടൊപ്പം കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു.
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ബഹ്റൈൻ ഇന്ന് സെപ്റ്റംബർ 3 വെള്ളിയാഴ്ച മുതൽ ഗ്രീൻ ലെവലിലേക്ക് മാറുകയാണ്. പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു.
അതേസമയം, കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് പത്രസമ്മേളനത്തിൽ ടാസ്ക് ഫോഴ്സ് ഓർമ്മിപ്പിച്ചു. എല്ലാ മുൻകരുതൽ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ടാസ്‌ക്ഫോഴ്സ് എടുത്തുപറുകയും കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാനും ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു.
സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികൾക്ക് നേരിട്ട് സ്കൂളിലെത്തി പഠനം നടത്താനും ഒാൺലൈൻ പഠനം നടത്താനും അവസരമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാം. ഇതുവരെ 79,000 വിദ്യാർഥികളാണ് സ്കൂളിൽ എത്തി പഠനം നടത്താൻ താൽപര്യമറിയിച്ച് രജിസ്റ്റർ ചെയ്തത്.
ഓരോ ജാഗ്രതാ ലെവലിലും വ്യത്യസ്ത അനുപാതത്തിലാണ് സ്കൂളുകളിൽ നേരിട്ട് അധ്യയനം അനുവദിക്കുക. ഗ്രീൻ അലർട്ട് ലെവലിന് കീഴിൽ, 100% വിദ്യാർത്ഥികൾക്കും കുറഞ്ഞത് അര മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്കൂളുകളിൽ നേരിട്ടെത്തി പഠനം തുടരാം.യെല്ലോ അലർട്ട് ലെവലിൽ വിദ്യാർത്ഥികളുടെ പരമാവധി എണ്ണം 50 ശതമാനമായും ഓറഞ്ച് അലർട്ട് ലെവലിൽ 30 ശതമാനമായും കുറയ്ക്കും, കുറഞ്ഞത് 1 മീറ്റർ സാമൂഹിക അകലം എങ്കിലും പാലിക്കണം.
റെഡ് അലേർട്ട് ലെവലിൽ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കും ഓൺലെെൻ പഠനം തുടരാം. ഓറഞ്ച്, യെല്ലോ, ഗ്രീൻ അലർട്ട് ലെവലിൽ എങ്ങനെ പഠനം വേണമെന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാമെന്നും ഡോ. മുഹമ്മദ് മുബാറക് ജുമാ വ്യക്തമാക്കി.