മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ മന്ത്രാലയം പുതുക്കിയ ബാക്ക്-ടു സ്കൂൾ ഗൈഡ് പുറത്തിറക്കി. കോവിഡ് -19 നെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ പുതുക്കിയ മാർഗനിദേശങ്ങൾ ആണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകൾ ഉൾപ്പെടെയുള്ള ജീവനക്കാരും പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കൃത്യമായി മാർഗ നിർദേശത്തിൽ വിശദീകരിക്കുന്നു.
കഴിഞ്ഞ വർഷം ആദ്യം പുറത്തിറക്കിയ മാർഗനിർദേശത്തിൽ ഭേദഗതി വരുത്തിയാണ് 2021-2022 സ്കൂൾ അധ്യയന വർഷത്തേക്കുള്ള മാർദനിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മാർദനിർദേശങ്ങളിൽ മാറ്റം വരുത്തിയത്.
സ്കൂളുകൾ ദിവസം മുഴുവൻ അണുമുക്തമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാമുൻകരുതലുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കെട്ടിടങ്ങൾ, ബസുകൾ, പാഠപുസ്തകങ്ങളുടെ വിതരണം, ക്ലാസ് മുറികളിൽ സാമൂഹിക അകലം, ശുചിത്വം, അണുവിമുക്തമാക്കൽ, സ്ക്രീനിംഗ് എന്നിവയുൾപ്പെടെ സ്കൂളിന്റെ എല്ലാ കാര്യങ്ങളും ഗൈഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളുകളിലും പരിശീലനം ലഭിച്ച ടീമുകൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം എടുത്ത് പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽമാർ, അദ്ധ്യാപക അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പുതുക്കിയ വിവരങ്ങൾ ഗൈഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.