ഏറെ നാളത്തെ ആശങ്കകൾക്കൊടുവിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇതായിരുന്നു ഏകെ ആന്റണിയുടെ വാക്കുകൾ .
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ പ്രതികരിച്ചു.രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും. മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല .രണ്ട് മൂന്ന് മണ്ഡലങ്ങളിൽ കോലീബി സഖ്യത്തിനുള്ള ഒത്തുകളി നടക്കുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു.
രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഇടത് പക്ഷത്തിനും ബിജെപിയ്ക്കും എതിരെ യുഡിഎഫ് നടത്തിയ സർജിക്കൽ സ്ട്രൈക്കാണിതെന്നും കേരളത്തിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും ടി സിദ്ദിഖ് പറഞ്ഞു.
നേരത്തെ വയനാട്ടിൽ നിന്നും ടി സിദ്ദിഖ് മത്സരിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ രാഹുൽ ഗാന്ധി വരുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു.