മനാമ: സെപ്റ്റംബർ 30 മുതൽ രണ്ട് പ്രതിവാര ഫ്ലൈറ്റുകളുമായി ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന് ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ അറിയിച്ചു. ചരിത്രപരമായ ബഹ്റൈൻ -ഇസ്രായേൽ ബന്ധത്തിൻറെ ഭാഗമായി തെൽ അവീവിലേക്കുള്ള റൂട്ട് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അൽ അലാവി പറഞ്ഞു. മേഖലയിലെ സമാധാനവും സമൃദ്ധിയും കൈവരിക്കാൻ ഭരണ നേതൃത്വത്തിനും രാജ്യത്തിനും പിന്തുണ നൽകുന്നതിൽ അഭിമാനമുണ്ടെന്നും കൂടുതൽ അവസരങ്ങൾ തുറക്കുന്നതിൻറെ തുടക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ കഴിഞ്ഞ വർഷം തീരുമാനിച്ചതിൻറെ തുടർച്ചയായാണ് വിമാന സർവിസ് ആരംഭിക്കുന്നത്.