മനാമ: ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി ചരിത്രപരമായ സമാധാന കരാർ ഒപ്പിട്ടതിന്റെ ഒന്നാം വാർഷികാഘോഷം ന്യൂയോർക്കിൽ സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവായ്, യു.എ.ഇ സ്ഥിരം പ്രതിനിധി ലാന നുസൈബെ, മൊറോക്കോയുടെ സ്ഥിരം പ്രതിനിധി ഒമർ ഹിലാൽ, ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ എന്നിവരും യുഎസ് സ്ഥിരം പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ 15നാണ് ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്ന അബ്രഹാം ഉടമ്പടി ഒപ്പുവെച്ചത്.
സഹവർത്തിത്വം, പരസ്പര ബഹുമാനം, സഹകരണം എന്നിവ അടിസ്ഥാനമാക്കി സമാധാനം പ്രോത്സാഹിപ്പിക്കുന്ന ബഹ്റൈെൻറ നിലപാട് അൽ റുവായ് വ്യക്തമാക്കി. ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ശ്രദ്ധേയമായ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. മേഖലയിലെ സമാധാനത്തിനും വികസന പ്രക്രിയക്കും ഗുണപരമായ സംഭാവന നൽകുന്ന നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഇസ്രായേലിലേക്കുള്ള ബഹ്റൈൻ അംബാസഡറുടെ നിയമനവും തെൽ അവീവിൽ ബഹ്റൈൻ എംബസി തുറക്കുന്നതും വർധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണ്.
മേഖലയിലെ സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവയിലേക്ക് നയിക്കുന്ന കരാറിൽ അമേരിക്കയുടെ പങ്കിനെ അൽ റുവായ് അഭിനന്ദിച്ചു. മനുഷ്യരാശിയുടെ നന്മക്കായി സഹവർത്തിത്വം, സഹിഷ്ണുത, ഐക്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ബഹ്റൈെൻറ പ്രതിബദ്ധത ആവർത്തിച്ചു. മേഖലയിലെ ജനങ്ങളുടെ ഭാവിക്ക് നീതിയുക്തവും സമഗ്രവുമായ സമാധാനമാണ് അനിവാര്യം. ഈ ലക്ഷ്യം കൈവരിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രയതനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.