മനാമ: വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുപയോഗിച്ച് കിങ് ഫഹദ് കോസ്വെ അധികൃതരെ കബളിപ്പിച്ച് സൗദിയിലേക്ക് യാത്രചെയ്തയാൾ തിരികെ വരും വഴി പിടിയിലായി. ബഹ്റൈനിലേക്ക് വരുന്നവഴി സൗദിയിലേക്ക് പോകാനുപയോഗിച്ച അതേ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. ബഹ്റൈനിലെ കമ്പനിയിലേക്ക് സൗദിയിൽനിന്നുള്ള ഡയറക്ടർമാരെ വേഗത്തിൽ എത്തിക്കാനുദ്ദേശിച്ചാണ് പ്രതി കരമാർഗം യാത്രചെയ്തത്.
കോവിഡ് ടെസ്റ്റ് ഫലം ലഭിക്കുന്നതിന് 24 മണിക്കൂർ കഴിയേണ്ടതിനാൽ അതിന് മുമ്പ് യാത്ര ചെയ്യുന്നതിന് തൻറെ അതേപേരുള്ള മറ്റൊരാളുടെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് സമൂഹമാധ്യമം വഴി കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കോസ്വെ അധികൃതർ പരിശോധന ആരംഭിച്ചപ്പോൾ ഭാര്യയെ വിളിച്ച് ഉടനെ ആശുപത്രിയിൽ പോയി തൻറെ പേരിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി മൊബൈലിൽ അയക്കാൻ പറഞ്ഞെങ്കിലും തക്കസമയത്ത് ലഭ്യമായില്ല. ഇതോടെയാണ് കള്ളിവെളിച്ചത്തായത്. 41കാരനായ ഏഷ്യൻ വംശജനാണ് പിടിയിലായത്. ഇയാളുടെ കേസ് കോടതി ഈ മാസം 20ലേക്ക് മാറ്റി.