മനാമ: വീട്ടിലിരുന്ന് ജോലി ഉൾപ്പെടെ തൊഴിൽരീതികളിൽ മാറ്റമുണ്ടായ പുതിയ ലോകത്ത് പ്രവാസികൾക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യങ്ങളെ കണ്ടെത്താൻ നടത്തിയ സർവേയിൽ ബഹ്റൈന് ആറാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ പ്രവാസി ഓൺലൈൻ കൂട്ടായ്മയായ ഇൻറർനേഷൻസ് ‘വിദേശ ജോലിയുടെ ഭാവി’ എന്നതിനെ അടിസ്ഥാനമാക്കി നടത്തിയ എക്സ്പാറ്റ് ഇൻസൈഡർ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
175 രാജ്യങ്ങളിൽ കഴിയുന്ന 8313 പ്രവാസികളാണ് സർവേയിൽ പെങ്കടുത്തത്. ആഗോള, ഡിജിറ്റൽ യുഗത്തിലെ നവീന തൊഴിലന്തരീക്ഷത്തെക്കുറിച്ച് സർവേയിൽ പെങ്കടുത്തവർ പ്രതികരിച്ചു. കോവിഡ്-19 തൊഴിലിടത്തെ എങ്ങനെയെല്ലാം മാറ്റി എന്നറിയുകയായിരുന്നു സർവേയുടെ മുഖ്യലക്ഷ്യം. അമേരിക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യുഎഇ രണ്ടാമതും ഫിൻലൻഡ് മൂന്നാമതുമാണ്.
എസ്തോണിയ, നെതർലൻഡ്സ്, ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, സ്വീഡൻ എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ. 55 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 51ാം സ്ഥാനമാണുള്ളത്. ജിസിസി രാജ്യങ്ങളിൽ ഒമാൻ (17), ഖത്തർ (18), സൗദി അറേബ്യ (19), കുവൈത്ത് (50) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ റാങ്ക്. സർവേയിലെ പ്രധാന കണ്ടെത്തലുകൾ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ ശരാശരി പ്രായം 43.1 ആണ്. ഇവരിൽ പുരുഷന്മാർ 53 ശതമാനവും സ്ത്രീകൾ 46 ശതമാനവുമാണ്. പ്രവാസികളിൽ ഭൂരിഭാഗവും മികച്ച വിദ്യാഭ്യാസമുള്ളവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ചിൽ നാലു പേരും ബിരുദാനന്തര ബിരുദമുള്ളവരോ (47 ശതമാനം) ബിരുദമോ (33 ശതമാനം) ഉള്ളവരാണ്. എട്ടു ശതമാനം പേർ പിഎച്ച്ഡി യോഗ്യതയുള്ളവരും ആറു ശതമാനം പേർ സാേങ്കതിക, തൊഴിൽ പരിശീലനം നേടിയവരുമാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവർ അഞ്ചു ശതമാനമാണ്.
പ്രവാസികളിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയിൽ (12 ശതമാനം) ആണ്. ഐടി മേഖലയിൽ 11 ശതമാനവും ധനകാര്യ മേഖലയിൽ എട്ടു ശതമാനവും ഉൽപാദന, എൻജിനീയറിങ് മേഖലയിൽ ഏഴു ശതമാനവും ആരോഗ്യപരിപാലന മേഖലയിൽ ആറു ശതമാനവും പരസ്യ, മാർക്കറ്റിങ്, കമ്യൂണിക്കേഷൻ മേഖലയിൽ അഞ്ചു ശതമാനവും ജോലി ചെയ്യുന്നു. ഏകദേശം മൂന്നിലൊന്ന് പ്രവാസികൾ (33 ശതമാനം) 50,000 മുതൽ ലക്ഷം വരെ യുഎസ് ഡോളർ വാർഷിക വരുമാനം നേടുന്നവരാണ്.
44 ശതമാനം പേർ 50,000 യു.എസ് ഡോളറിന് താഴെ വരുമാനം നേടുമ്പോൾ 23 ശതമാനം പേർ 1,00,000 ഡോളറിനു മുകളിൽ സമ്പാദിക്കുന്നവരാണ്. പ്രവാസികളിൽ 82 ശതമാനം പേരും മുഴുവൻ സമയവും ജോലി ചെയ്യുന്നവരാണെന്നും സർവേയിൽ വ്യക്തമായി. അതേസമയം, 2015നെ അപേക്ഷിച്ച് ഇതിൽ നാലു ശതമാനം കുറവുണ്ടായിട്ടുണ്ട്.