മനാമ: ബഹ്റൈൻ കേരളീയ സമാജം ‘ബി.കെ.എസ് അക്ഷയപാത്രം’എന്ന പേരിൽ സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി തേഡ് സെക്രട്ടറി ഇജാസ് അസ്ലാം, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സമാജം വനിതവേദി അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അഭിമാനകരമായ ഈ പദ്ധതിയിൽ താനും പങ്കു ചേരുന്നതായും എല്ലാ വെള്ളിയാഴ്ചയും ഭക്ഷണം പാകം ചെയ്ത് സമാജത്തിൽ എത്തിക്കുമെന്നും മോണിക്ക ശ്രീവാസ്തവ പറഞ്ഞു.
സമാജം അംഗങ്ങളായ വനിതകൾ വീട്ടിൽ തയാറാക്കിയ ഭക്ഷണത്തിെൻറ ഒരു ഭാഗം ഭക്ഷണപ്പൊതിയാക്കി സമാജത്തിൽ എത്തിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. അമ്പതോളം ഭക്ഷണപ്പൊതികളാണ് വെള്ളിയാഴ്ച സമാജത്തിൽ വെച്ച് വിതരണം ചെയ്തത്. എല്ലാ വെള്ളിയാഴ്ചയും ഇത് തുടരുമെന്ന് ബി.കെ.എസ് പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.